
കാസര്‍കോട്: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്. കുശ്ചത്തൂര്‍ സ്വദേശി അബ്ദുൽ മനാഫിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഐടി നിയമ പ്രകാരവും കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശം ചില സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. വ്യാപകമായി പ്രചരിച്ച ശബ്ദശകലം ശ്രദ്ധയിൽ പെട്ടതോടെ ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഫോൺ പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, കേരളത്തെ ഞെട്ടിച്ച ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്. നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. കൊല്ലം ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസന്വേഷണത്തിന് നിര്‍ണായകമായത് മൂന്ന് കാര്യങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവർത്തകൻ പങ്കുവച്ച ഒരു സംശയം, ടോം ആൻഡ് ജെറി കാർട്ടൂൺ, പിന്നെ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങൾ വെച്ച് വരച്ച രേഖാചിത്രങ്ങളും പ്രതികളിലേക്ക് എത്താനുള്ള വഴിയായി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കുറ്റകൃത്യം നടത്തിയ പ്രതികളെ കുടുക്കുന്നതിന് പൊലീസിനെ സഹായിച്ചത് ഈ മൂന്ന് കാര്യങ്ങളാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന് കോളിലെ സ്ത്രീ ശബ്ദത്തില്‍ കണ്ണനല്ലൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ സമദിന് തോന്നിയ സംശയമാണ് കേസന്വേഷണത്തിന് നിര്‍ണായകമായ ഒരു കാര്യം.
Last Updated Dec 3, 2023, 9:03 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]