
തൃശൂര്‍: ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാറ്റി സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ പുതിയ വേദിയിലേക്ക് മാറ്റുകയായിരുന്നു.
സദസ് വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാല മെെതാനത്തിൽ ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നുമുതല്‍ നടക്കും. 40,000 സ്ക്വയര്‍ ഫീറ്റിലാണ് പന്തല്‍ ഒരുങ്ങുന്നത്. 25 ഓളം കൗണ്ടറുകളിലൂടെ പരാതികള്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ സ്വീകരിക്കും. മൂന്നുമണിക്ക് പ്രശസ്ത സംഗീത സംവിധായകന് ഔസേപ്പച്ചന് നയിക്കുന്ന ഷോ വേദിയില്‍ ആരംഭിക്കും. ജയരാജ് വാര്യര്‍, ചലച്ചിത്രതാരം അപര്‍ണ ബാലമുരളി, ഗായകന് സുദീപ് എന്നിവര്‍ ഷോയുടെ ഭാഗമാകും. 4.30ന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേരുന്നതോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി കെ രാജന് അറിയിച്ചു.
ചരിത്രത്തിലാദ്യമായി വലിയ ജനകൂട്ടായ്മയ്ക്ക് ഒല്ലൂര്‍ നിയോജകമണ്ഡലം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും മന്ത്രി കെ രാജന് പറഞ്ഞു. ‘സര്‍ക്കാരിന്റെ അഭിമാന നേട്ടമായ കിഫ്ബിയിലൂടെ 279 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനോട് അനുബന്ധമായ വേദി മാറ്റാന്‍ ഇടയായ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. സെന്‍ട്രല്‍ സൂ അതോറിറ്റി അംഗീകരിച്ച മൃഗശാലയുടെ രൂപരേഖയില്‍ ഉള്‍പെടാത്ത സ്ഥലമാണ് നവകേരള സദസ്സ് വേദി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന ഇടം. സംരക്ഷിത വനമേഖലയുടെ ഭാഗവും ആയിരുന്നില്ല.’ എന്നിരുന്നാലും മൃഗശാലയുടെ തുടക്കം കുറിക്കല്‍ ഒരു ദിവസം പോലും വൈകരുതെന്ന ആഗ്രഹത്തെ മുന്‍നിര്‍ത്തിയത് കൊണ്ട് മാത്രമാണ് വേദി മാറ്റാന്‍ മുഖ്യമന്ത്രിയുടെ അടക്കം അറിവോടെ സംഘാടകസമിതി തീരുമാനിച്ചതും ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.
‘വന്‍ജനപങ്കാളിത്തത്തോടെ അതിവിപുലമായ രീതിയില്‍ ഒല്ലൂര്‍ നവകേരള സദസ് നടക്കും. തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരക്ക് ഒഴിവാക്കാനും നിയന്ത്രിക്കാനും ആവശ്യമായ കരുതലുകള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മോക് ഡ്രില്‍ സംഘടിപ്പിക്കും. ക്രമസമാധാനം പൂര്‍ണമായും ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.’ നവകേരള സദസിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ മൂന്നിന് വൈകിട്ട് എല്ലാ ഭവനങ്ങളിലും നവകേരള ദീപം തെളിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Last Updated Dec 3, 2023, 6:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]