
തിരുവനന്തപുരം: കേരളീയം പരിപാടികള്‍ കാണാനെത്തുന്നവര്‍ക്ക് അഞ്ചു മിനിറ്റ് ഇടവേളകളില്‍ കെഎസ്ആര്‍ടിസിയുടെ സൗജന്യ സര്‍വീസ്. പുത്തരിക്കണ്ടം മൈതാനം മുതല്‍ കവടിയാര്‍ വരെയുള്ള വിവിധ വേദികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ സര്‍വീസ് ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍. ഏഴാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം ആറു മണി മുതല്‍ പത്തു മണി വരെ കിഴക്കേകോട്ടയില്‍ നിന്നും കവടിയാറിലേക്കും തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. കിഴക്കേകോട്ട നോര്‍ത്ത് സ്റ്റാന്‍ഡിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.
സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ജോയിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ചീഫ് ട്രാഫിക് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, അസി: ക്ലസ്റ്റര്‍ ഓഫീസര്‍ കെ ജി സൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിലും ‘കേരളീയം’
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന് ഇന്നലെ തുടക്കമായപ്പോള്‍ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബില്‍ ബോര്‍ഡിലും ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശനം. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ ‘കേരളീയം’ വീഡിയോ തെളിഞ്ഞത്.
കേരളീയത്തിന്റെ വീഡിയോയും ലോഗോയും പരിപാടി അവസാനിക്കുന്ന നവംബര്‍ ഏഴുവരെ ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെയും കേരളീയം മഹോത്സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോയും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]