
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും കൊടകര കുഴൽപ്പണക്കേസും തമ്മിൽ ബന്ധമുണ്ടെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് പോയില്ല. കാരണം പ്രതികളുടെ ഫണ്ടിൻ്റെ സ്രോതസ്സ് കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള വായ്പ കൊള്ള നടന്നിട്ടുണ്ട്. അതിൽ സതീശ് കുമാറിന് പങ്കുണ്ടെന്നും അനിൽ അക്കര പറഞ്ഞു. സിപിഎമ്മിനെതിരെ വാർത്താസമ്മേളനം നടത്തിയാണ് അനിൽ അക്കര ആരോപണം കടുപ്പിച്ചത്.
കൊടകര, കരുവന്നൂർ കേസുകൾ തമ്മിൽ ബന്ധമുണ്ട്. കൊടകര കുഴൽപ്പണ കേസിലെ രണ്ടു പ്രതികൾക്ക് സി.പി.എം നേതാക്കൾ വായ്പ നൽകി. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് ഇവർക്ക് വായ്പ നൽകിയത്. വായ്പ ഇടപാട് നടത്തിയത് സതീഷ് കുമാറാണ്. ഒന്നേകാൽ കോടി രൂപ കൊടകര കുഴൽപ്പണ കേസിലെ പ്രതികളായ വെള്ളാങ്കല്ലൂർ സ്വദേശികളായ രഞ്ജിത്തും ഭാര്യ ദീപ്തിയ്ക്കുമാണ് വായ്പയായി നൽകിയത്. വെള്ളാങ്കല്ലൂർ സ്വദേശികൾക്ക് എങ്ങനെ കുട്ടനെല്ലൂർ സഹകരണ ബാങ്ക് വായ്പ കൊടുത്തുവെന്നതാണ് സംശയിക്കേണ്ടത്. ബാങ്കിന്റെ പരിധിയ്ക്ക് പുറത്താണ് ഈ വായ്പയെന്നും അനിൽ അക്കര പറഞ്ഞു.
കരുവന്നൂരിലെ ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാക്കാൻ നീക്കം നടക്കുന്നതായും അനിൽ അക്കര ആരോപിച്ചു. കരുവന്നൂർ കേസ് ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. നിക്ഷേപകർക്ക് തുക മടക്കി നൽകുക, പ്രതികൾ തട്ടിയ സ്വത്ത് പിടിച്ചെടുക്കുക, ഇത് രണ്ടും ചെയ്താൽ ക്രൈംബ്രാഞ്ച് എഫ്ഐആർ റദ്ദാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയുടെ കേസ് പിന്നെ നിലനിൽക്കില്ലെന്നും നിയമോപദേശം കിട്ടിയതായും അനിൽ അക്കര ആരോപിക്കുന്നു.
Last Updated Oct 3, 2023, 2:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]