തൃശൂര്‍: റെയില്‍വേ പുതിയ ചില തീരുമാനങ്ങള്‍ സാധാരണക്കാരായ യാത്രക്കാരെ ട്രെയിനുകളില്‍നിന്നും അകറ്റുന്നതായി വിമര്‍ശനം. നിരക്കു കുറവായ സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ ഒഴിവാക്കിയും വന്ദേഭാരതിന് സ്വീകാര്യത വര്‍ധിപ്പിച്ചുമാണ് റെയില്‍വേ നടപടികള്‍ക്ക് ആക്കംകൂട്ടിയത്. ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതനുസരിച്ചാണ് സര്‍വീസുകള്‍ അനുവദിക്കാറുള്ളത്.
എന്നാല്‍ റെയില്‍വേ പരിഷ്കാരങ്ങളുടെ ഭാഗമായി കേരളത്തിന് കൂടുതലായി ഏതെങ്കിലും ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ല. പകരം അടുത്ത കാലത്തായി രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചത്. ഇതാകട്ടെ സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്നതല്ല. സൗകര്യങ്ങള്‍ ഏറെയുള്ളതായതിനാല് നിരക്ക് വളരെ കൂടുതലാണ്. നിത്യയാത്രക്കാരുടെ പോക്കറ്റിന് താങ്ങാവുന്നതല്ല വന്ദേഭാരതിന്റെ നിരക്ക്. സാധാ ട്രെയിനുകളിലെ സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നതോടെ സാധാരണക്കാര്‍ക്ക് വന്ദേഭാരതിനെയും നിരക്കു കൂടുതലുള്ള മറ്റു ട്രെയിനുകളേയും ആശ്രയിക്കേണ്ടിവരും. സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കുക മാത്രമല്ല എ സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു.
പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുകയോ എക്സപ്രസുകളാക്കി മാറ്റുകയോ ചെയ്തു. ചില സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കി. ചില ട്രെയിനുകളുടെ സര്‍വീസ് വെട്ടിക്കുറയ്ക്കുകയും റൂട്ടുകളില്‍ മാറ്റം വരുത്തുകയും ചെയ്തു. സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ കുറച്ചതോടെ ട്രെയിന്‍ യാത്ര ദുഷ്കരമായി. നിന്നുതിരിയാനിടമില്ലാത്തവിധം തിരക്ക് വര്‍ധിച്ചു. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം മണിക്കൂറുകളോളം നിന്ന് യാത്രചെയ്യേണ്ട അവസ്ഥയിലായി. കൂടിയ നിരക്കില്‍ യാത്ര ചെയ്യാന്‍ നിത്യയാത്രികര്‍ നിര്‍ബന്ധിതരാവും. അല്ലെങ്കില്‍ ട്രെയിന്‍ യാത്ര ഉപേക്ഷിക്കേണ്ടി വരും. പരമാവധി പിഴിഞ്ഞൂറ്റുക എന്ന ലക്ഷ്യം സാധാരണക്കാരായ യാത്രക്കാരെ അകറ്റുന്നതിനാണ് സഹായിക്കുകയെന്നാണ് വിമര്‍ശനം.
യാത്രാ സൗകര്യം ഒരുക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്
ട്രെയിനുകളില്‍ യാത്രാ സൗകര്യം ഒരുക്കണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
16328 നമ്പര്‍ ഗുരുവായൂര്‍ – പുനലൂര്‍ എക്സ്പ്രസ് മധുര വരെ നീട്ടിയപ്പോള്‍ കോച്ചുകള്‍ കുറയുകയും ബാക്കിയുള്ള കോച്ചുകളില്‍ മൂന്നെണ്ണം റിസര്‍വ്ഡായി മാറുകയും ചെയ്തു. ഇതോടെ ഗുരുവായൂരിനും എറണാകുളത്തിനുമിടയിലെ സ്ഥിരം യാത്രികര്‍ക്ക് വണ്ടിയില്‍ കയറാനാവാത്തവിധം തിരക്കായി.
ഈ വണ്ടിയെ ആശ്രയിച്ച് വര്‍ഷങ്ങളായി പോയിരുന്നവര്‍ ഗതികേടിലാണ്. സീറ്റുകള്‍ നിറഞ്ഞ് തൃശൂരില്‍ നിന്നുതന്നെ യാത്രക്കാര്‍ നില്‍പ്പ് തുടങ്ങും. ഇരിങ്ങാലക്കുടയും ചാലക്കുടിയും എത്തുന്നതോടെ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കമുള്ള യാത്രികര്‍ക്ക് വണ്ടിയില്‍ കയറാന്‍ തന്നെ സാധിക്കാത്ത അവസ്ഥയാണ്. പ്രശ്നപരിഹാരത്തിനായി വണ്ടിയില്‍ അടിയന്തരമായി നാല് ജനറല്‍ കോച്ചുകള്‍ കൂടി അനുവദിക്കണമെന്നും അതിരാവിലെ പോകുന്ന 06017 നമ്പര്‍ ഷൊര്‍ണൂര്‍ – എറണാകുളം മെമു ഷൊര്‍ണൂരില്‍ നിന്നും പുറപ്പെടുന്ന സമയം അഞ്ചായി മാറ്റണമെന്നും റെയില്‍വേ അധികൃതരോട് അസോസിയേഷന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]