സ്വന്തം ലേഖകൻ
ഇടുക്കി: ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഉണ്ട് എന്ന മാത്യു കുഴൽനാടൻ എം.എൽ.എയുടെ വാദം പൊളിയുന്നു. കഴിഞ്ഞ അഞ്ച് മാസമായി മാത്യു കുഴൽനാടന്റെ ‘കപ്പിത്താൻ ബംഗ്ലാവ്’ എന്ന റിസോർട്ട് പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണ്. ഹോം സ്റ്റേ ലൈസൻസിനായി ചിന്നക്കനാൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
2022 മുതൽ 2023 വരെ പഞ്ചായത്ത്, കെട്ടിടത്തിന് റിസോർട്ട് ലൈസൻസ് നൽകിയിരുന്നു. എന്നാൽ മാർച്ച് 31-ന് ഇതിന്റെ കാലാവധി അവസാനിച്ചു.പുതുതായി ഹോം സ്റ്റേ ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കഴിഞ്ഞ പ്രവൃത്തിദിവസം വരെ കെട്ടിടത്തിന് ലൈസൻസ് അനുവദിച്ചിട്ടില്ല. ലൈസൻസ് ഇല്ലാത്ത സമയത്തും ഇവിടെ വാടകയ്ക്ക് മുറികൾ ലഭ്യമായിരുന്നു. തന്റെ റിസോർട്ടിൽ യാതൊരു നിയമലംഘനവും നടക്കുന്നില്ലെന്ന മാത്യു കുഴൽനാടന്റെ വാദമാണ് ഇതോടെ തകരുന്നത്.
സംഭവത്തിൽ കുഴൽനാടന്റെ പ്രതികരണം തേടിയിരുന്നുവെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.ഹോം സ്റ്റേ ലൈസൻസ് അനുവദിക്കുന്നതിന് പല അനുമതികളും ആവശ്യമാണ്. അതിൽ ഒന്നാണ് പോലീസിന്റെ ക്ലിയറൻസ്. പോലീസ് ക്ലിയറൻസ് ഹാജരാക്കുകയും ഇതുമായി ബന്ധപ്പെട്ട് ലൈസൻസിന് ആവശ്യമായ ഫീസ് അടക്കുകയും ചെയ്താൽ മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. എന്നാൽ ഇത് ചെയ്യാത്തതിനാലാണ് ലൈസൻസ് അനുവദിക്കാത്തത് എന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
2021 മുതൽ 2022 വരെ ഹോം സ്റ്റേ ലൈസൻസിലാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത് എന്നാണ് മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതിന് ശേഷം 2022 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ഈ കെട്ടിടം റിസോർട്ട് ആയി മാറുന്നു. വീണ്ടും അപേക്ഷ നൽകിയിരിക്കുന്നത് ഹോം സ്റ്റേ ലൈസൻസിന് വേണ്ടിയിട്ടാണ്. ഇങ്ങനെ ഒരു കെട്ടിടം ഹോം സ്റ്റേയും റിസോർട്ടും ആയി മാറുന്നത് എങ്ങനെ എന്ന ചോദ്യവും ഉയരുന്നുണ്ട്. പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇതിന്റെ വിശദീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
The post ചിന്നക്കനാലിലെ റിസോർട്ടിന് ഹോം സ്റ്റേ ലൈസൻസ് ഉണ്ട് എന്ന മാത്യു കുഴൽനാടന്റെ വാദം പൊളിയുന്നു: കപ്പിത്താൻ ബംഗ്ലാവിന് ലൈസൻസില്ല, പ്രതികരിക്കാതെ എം.എല്.എ. appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]