2017ൽ ദോക് ലായിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം വന്നതിനുശേഷം അതിർത്തി മേഖലകളിൽ നിർമാണപ്രവൃത്തികൾ സജീവമാക്കിയ ചൈനയ്ക്ക് ശക്തമായ പ്രതിരോധം തീർക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. അതിർത്തികളിൽ സൈനിക ആവശ്യങ്ങൾക്കായുള്ള വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും നിർമിക്കുന്ന ചൈനീസ് നീക്കങ്ങൾക്ക് ബദലായി റെയിൽവേ ശൃംഖല കൂടുതൽ ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി.
ചൈന, പാക്കിസ്ഥാൻ, ബംഗ്ലദേശ് അതിർത്തികളിലേക്ക് നീളുന്ന ഈ അതിബൃഹത്തായ റെയിൽവേ പദ്ധതിക്കായി 45,000 കോടി രൂപയാണ് ഇന്ത്യ മാറ്റിവെച്ചിരിക്കുന്നത്. വരുന്ന 18-24 മാസത്തിനകം പുതിയ ട്രാക്കുകൾ, പ്ലാറ്റ്ഫോമുകൾ, പാലങ്ങൾ, തുരങ്കങ്ങൾ എന്നിവയെല്ലാം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ ശൃംഖലയാണ് ഇതിലൂടെ നവീകരിക്കുന്നത്. അടുത്ത രണ്ടുവർഷത്തേക്കുള്ള ഇന്ത്യയുടെ മൊത്തം റെയിൽവേ വിപുലീകരണ പദ്ധതിയുടെ 22 ശതമാനവും അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതിർത്തികളിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. കഴിഞ്ഞവർഷം പാക്കിസ്ഥാനുമായും സംഘർഷങ്ങൾ ഉണ്ടായിരുന്നു.
കൂടാതെ, ബംഗ്ലദേശിലെ നിലവിലെ രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ദോക് ലായെച്ചൊല്ലി ചൈനയും ഭൂട്ടാനും തമ്മിലും നിലവിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
വാണിജ്യം, സൈനികം, യാത്രാ സർവീസ് എന്നീ പ്രധാന ലക്ഷ്യങ്ങളിൽ ഊന്നിയായിരിക്കും പുതിയ റെയിൽവേ ശൃംഖലയുടെ പ്രവർത്തനം. നേപ്പാളിലേക്ക് ആദ്യ വാണിജ്യ ട്രെയിൻ സർവീസിന് തുടക്കമിട്ടുകൊണ്ട് കഴിഞ്ഞവാരം ഇന്ത്യ പുതിയൊരു ചരിത്രത്തിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്.
കൊൽക്കത്ത തുറമുഖത്തുനിന്ന് നേപ്പാളിലെ ബിരാട്നഗർ യാഡ് വരെ നേരിട്ട് ആരംഭിച്ച ഈ സർവീസ് ഇരു രാജ്യങ്ങളിലെയും കയറ്റുമതി-ഇറക്കുമതി വ്യാപാരികൾക്ക് വലിയ തോതിൽ പ്രയോജനം ചെയ്യും. ഹിമാലയൻ അതിർത്തികൾ, സിലിഗുഡി ഇടനാഴി, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നരേന്ദ്ര മോദി സർക്കാർ നേരത്തെ തന്നെ പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ റോഡ് ശൃംഖലകൾ വ്യാപകമായി നവീകരിച്ചിരുന്നു. കശ്മീരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപ്പാലം കഴിഞ്ഞവർഷം ജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ മാത്രം 1700 കിലോമീറ്റർ പുതിയ റെയിൽവേ ശൃംഖലയാണ് വിജയകരമായി കൂട്ടിച്ചേർത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

