

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കുന്നവരോട് കുടിവെള്ളം എത്തിക്കേണ്ടെന്ന് ജില്ലാ ഭരണകൂടം; കനിവുള്ള മനുഷ്യർ നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി അറിയിച്ചു; ക്യാമ്പിൽ കഴിയുന്നവർക്ക് നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
കൽപറ്റ: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം പ്രവഹിക്കുകയാണ്. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും തുടങ്ങി വിവിധ സാധന സാമഗ്രികളാണ് കനിവുള്ള മനുഷ്യർ സഹജീവികൾക്കായി എത്തിക്കുന്നത്.
എന്നാൽ, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള കുടിവെള്ളം നിലവിൽ ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള സഹായങ്ങളിൽ കുടിവെള്ളം ഒഴിവാക്കണം എന്നും വയനാട് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
പൊതു ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും വയനാടിനു ലഭിക്കുന്ന എല്ലാവിധത്തിലുള്ള സഹായങ്ങൾക്കും ഭരണകൂടം നന്ദി അറിയിച്ചു.
അതിനിടെ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
- ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.
- ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കുക.
- ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- മലമൂത്ര വിസർജ്ജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
- വ്യക്തിശുചിത്വം പാലിക്കുക.
- വളർത്തുമൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്.
- തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.
- പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.
- ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അവ മുടങ്ങാതെ കഴിക്കുക.
- വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിലൊരിക്കൽ 200 മി. ഗ്രാം. ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.