
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, എം വി ആര് കാന്‍സര്‍ സെന്റര്‍ ചെയര്മാന് സി എന്‍ വിജയകൃഷ്ണന് തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യകത്മാക്കിയത്.
അര്‍ജുന്റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്കാന് സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്കാന് ബാങ്ക് തയ്യാറാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിരവധി പേരാണ് ഭവനരഹിതരായത്. അവര്‍ക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്കുന്ന സ്ഥലത്ത് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുവാദത്തിന് വിധേയമായി അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും.
കോഴിക്കോട് ചാത്തമംഗലത്തെ എന്‍.ഐ.ടി അധികൃതരുമായി ആലോചിച്ച് വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് നിര്‍മിക്കുക. 120 ദിവസം കൊണ്ട് വീട് പൂര്‍ണമായി നിര്‍മ്മിച്ച് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സി ഇ ചാക്കുണ്ണി, കെ പി രാമചന്ദ്രന്, ടി എം വേലായുധന്, പി എ ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]