മൂന്നാർ കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനം അനിശ്ചിതത്വത്തിൽ. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിരോധനം ഫലപ്രദമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പള്ളിവാസൽ, മറയൂർ, വട്ടവട, ദേവികുളം, കാന്തല്ലൂർ, മൂന്നാർ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലാണ് പ്രധാന ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, അര ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ പ്ലേറ്റ്, സ്ട്രോ, പേപ്പർ ഗ്ലാസ് എന്നിവയുടെ വിൽപനയും ഉപയോഗവും മൂന്നാർ പഞ്ചായത്തിൽ നിരോധിച്ചിരുന്നു.
എങ്കിലും മൂന്നാർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന സമീപ പഞ്ചായത്തുകളിൽ സമാനമായ കർശന നടപടികൾ സ്വീകരിക്കാത്തത് തിരിച്ചടിയായിരിക്കുകയാണ്. അയൽപ്രദേശങ്ങളിൽ ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും നിർബാധം തുടരുന്നത് മൂന്നാറിലെ പ്ലാസ്റ്റിക് വിമുക്ത പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നുണ്ട്.
പ്രശ്നപരിഹാരത്തിനായി സമീപ പഞ്ചായത്തുകളിലെ ഭരണസമിതിയംഗങ്ങളുടെ യോഗം വിളിച്ചുചേർക്കുമെന്നും, നിരോധനം എല്ലാ പഞ്ചായത്തുകളിലും ഒരേസമയം നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ വ്യക്തമാക്കി. അതേസമയം, കുമളി പഞ്ചായത്തും സമ്പൂർണ പ്ലാസ്റ്റിക് നിയന്ത്രണത്തിന് തയ്യാറെടുക്കുകയാണ്.
അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യും. വ്യാപാരികളുമായി ആശയവിനിമയം നടത്തി അവരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം.
വർഗീസ് പറഞ്ഞു. ശബരിമല തീർഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടെ വലിയൊരു ജനസമൂഹം എത്തുന്ന പ്രദേശമെന്ന നിലയിൽ കുമളിയിൽ പ്ലാസ്റ്റിക് മാലിന്യം വർധിച്ചുവരികയാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ലീറ്ററിൽ താഴെയുള്ള പാനീയ കുപ്പികൾ നിരോധിക്കാനാണ് പ്രാഥമിക തീരുമാനം. പ്ലാസ്റ്റിക് കവറുകളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് സെസ് ഏർപ്പെടുത്തുന്നതും ആലോചനയിലുണ്ട്.
ചെറുകിട വ്യാപാരികളെ ബാധിക്കാത്ത രീതിയിൽ നടപടികൾ സ്വീകരിക്കാനാണ് നീക്കം.
വ്യാപാരികളുടെ പക്കലുള്ള നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാൻ സാവകാശം നൽകിയ ശേഷം മാത്രമായിരിക്കും നിയന്ത്രണങ്ങൾ കർശനമാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

