
ഫ്രാൻസിസ് കഴുത്ത് ഞെരിച്ചപ്പോൾ ജെസിമോൾ കൈകൾ പിടിച്ചുവച്ചു; എയ്ഞ്ചലിന്റെ കൊലപാതകത്തിൽ അമ്മയ്ക്കും പങ്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ഓമനപ്പുഴയിൽ മകൾ എയ്ഞ്ചൽ ജാസ്മിനെ കഴുത്തിൽ തോർത്തു കുരുക്കി കൊലപ്പെടുത്താൻ ഫ്രാൻസിസിനെ ഭാര്യ ജെസിമോളും സഹായിച്ചുവെന്നു പൊലീസ്. ഫ്രാൻസിസ് കഴുത്തു ഞെരിക്കുമ്പോൾ എയ്ഞ്ചൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അമ്മ പിടിച്ചുവച്ചു. കഴുത്തിൽ തോർത്തിട്ട് മുറുക്കിയപ്പോൾ ജെസിമോൾ എയ്ഞ്ചലിന്റെ കൈകൾ പിടിച്ചുവച്ചു കൊടുത്തുവെന്നാണു കണ്ടെത്തൽ. യുവതിയുടെ അമ്മാവൻ അലോഷ്യസിനെയും കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണു കുറ്റം. അലോഷ്യസിനെയും ജെസി മോളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മകൾ ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം സ്ഥിരമായി പുറത്തുപോകുന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണു പിതാവ് ഫ്രാൻസിസ് പൊലിസിനോട് പറഞ്ഞത്. ഫ്രാൻസിസിനെ (ജോസ് മോൻ) പൊലീസ് വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിലുടനീളം ശാന്തനായാണു ഫ്രാൻസിസിനെ കാണപ്പെട്ടത്. എയ്ഞ്ചൽ തന്റെ സുഹൃത്തുക്കൾക്കൊപ്പമാണു രാത്രി പുറത്തേക്കു പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു മണിക്കൂറോളം പുറത്തു ചെലവഴിച്ച ശേഷം മടങ്ങിയെത്തുകയാണു പതിവെന്നും ഇവർ പറയുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് എയ്ഞ്ചൽ പുറത്തേക്കു പോയിരുന്നത്. ഇതിനു മുൻപും ഫ്രാൻസിസ് എയ്ഞ്ചലിനെ പലതവണ ഇക്കാര്യത്തിൽ വിലക്കിയിരുന്നുവെന്നാണു വിവരം.
നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് സംസാരിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യയും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നു.
അതിനിടെ, എയ്ഞ്ചലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോർത്തു കണ്ടെത്തി. വീടിനോട് ചേർന്നുള്ള ഷെഡിനു മുകളിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോർത്ത്. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തുപോയി പത്തരയോടെയാണു തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ചു മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.
പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്. തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ 11 മണിയോടെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.