
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സുവര്‍ണാവസരമാണ് മലയാളി താരം സഞ്ജു സാംസണ് കഴിഞ്ഞദിവസം നഷ്ടമാക്കിയയത്. ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തില്‍ ഓപ്പണറായെത്തിയ സഞ്ജു കേവലം ഒരു റണ്‍സുമായി മടങ്ങുകയായിരുന്നു. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ആറ് പന്തുകള്‍ മാത്രമാണ് സഞ്ജു നേരിട്ടത്. ഷൊറിഫുല്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സഞ്ജു. മറുവശത്ത് റിഷഭ് പന്താവട്ടെ കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്തു. 32 പന്തുകള്‍ നേരിട്ട പന്ത് 53 റണ്‍സ് അടിച്ചെടുത്തു. നാല് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്ന പന്തിന്റെ ഇന്നിംഗ്സ്.
ഇതോടെ പന്ത് വിക്കറ്റ് കീപ്പറാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇപ്പോള്‍ പന്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍… ”വിക്കറ്റ് കീപ്പിംഗ് കഴിവുകള്‍ താരതമ്യം ചെയ്താല്‍ സഞ്ജുവിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെന്ന് ഞാന്‍ പറയും. ഇവിടെ ബാറ്റിംഗിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇനി ബാറ്റിംഗിലേ് വരുമ്പോള്‍ കഴിഞ്ഞ കുറച്ച് ഐപിഎല്‍ മത്സരങ്ങളില്‍ പന്ത് മികച്ച പ്രകടനം പുറത്തെടുത്തു. മറുവശത്ത്, സഞ്ജു സാംസണ് ഐപിഎല്‍ സീസണ് മികച്ച രീതിയില്‍ ആരംഭിച്ചു. കൂടുതല്‍ റണ്‍സ് നേടി, പന്ത് ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലും പായിക്കാന്‍ സഞ്ജുവിന് സാധിച്ചു.” ഗവാസ്കര്‍ പറഞ്ഞു.
സഞ്ജുവിന്റെ ഐപിഎല്‍ പ്രകടനത്തെ കുറിച്ചും ഗവാസ്കര്‍ സംസാരിച്ചു. ”ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട്-മൂന്ന് മത്സരങ്ങളില്‍ അദ്ദേഹത്തിന് വേണ്ടത്ര റണ്‍സ് നേടാനായില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ അദ്ദേഹത്തിന് വലിയ അവസരമുണ്ടായിരുന്നു. 50-60 സ്കോര്‍ ചെയ്തിരുന്നെങ്കില്‍ ലോകകപ്പില്‍ ആരെന്നുള്ള ചോദ്യത്തിന് തന്നെ പ്രസക്തി ഉണ്ടാവില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് തോന്നുന്നത് സെലക്ഷന് കമ്മിറ്റി പന്തിനെ കീപ്പറായി പരിഗണിക്കുമെന്നുള്ളതാണ്.” ഗവാസ്കര്‍ പറഞ്ഞു.
നേരത്തെ, സൗരവ് ഗാംഗുലിയും പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. നന്നായി കീപ്പ് ചെയ്യുന്ന പന്ത് സ്പെഷ്യല്‍ ടാലന്റാണെന്നും പന്തിന്റെ ബാറ്റിംഗ് മികവ് ടീമിന് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]