
രാത്രി 7.40 ന് പൊട്ടിത്തെറി, പുക ശ്വസിച്ച് മരണം?; മെഡിക്കൽ ബോർഡ് ഇന്നു ചേരും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽ നിന്നു പൊട്ടിത്തെറിയുണ്ടായതും പുക ഉയർന്നതും. ഷോർട് സർക്കീറ്റാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാർ പറഞ്ഞു.
പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയർന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽനിന്നു രോഗികളെ പുറത്തേക്കു മാറ്റി. ചക്രക്കസേരയിലും ട്രോളിയിലുമായി രോഗികളെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ജീവനക്കാരും വൊളന്റിയർമാരും കൈമെയ് മറന്നു പ്രവർത്തിച്ചു. അത്യാഹിത വിഭാഗത്തിനു പുറത്തെത്തിച്ച രോഗികൾക്ക് അവിടെ നിന്നു ചികിത്സ നൽകി. പിന്നീടാണ് ആംബുലൻസുകളിലായി വിവിധ വാർഡുകൾ, ഐസിയു, സ്വകാര്യ ആശുപത്രികളിലേക്ക് ഉൾപ്പെടെ മാറ്റിയത്.
ആദ്യം അത്യാഹിത വിഭാഗത്തിനു മുൻവശത്തു കൂടെയാണ് രോഗികളെ കൊണ്ടുപോയത്. പിന്നീട് പിറകു ഭാഗത്തു കൂടെയും രോഗികളെ പുറത്തെത്തിച്ചു. അവിടേക്ക് ആംബുലൻസ് കൊണ്ടുവന്നു രോഗികളെ മാറ്റി. ഒന്നിനു പിറകെ മറ്റൊന്നായി ആംബുലൻസ് വന്നു കൊണ്ടിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്നു തിരക്ക് നിയന്ത്രിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ജി.സജീത്ത് കുമാറും വിവിധ വകുപ്പു മേധാവികളും ഉടനെ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. ഹെൽപ് സെന്ററും പ്രവർത്തനം തുടങ്ങി.
ഇതിനിടെ അഞ്ചു മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഗംഗ (34), ഗംഗാധരൻ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലൻ (65), സുരേന്ദ്രൻ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാൽ ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗികൾ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും.
പൊട്ടിത്തെറിയും പുകയും; എല്ലാം പെട്ടെന്നായിരുന്നു
കോഴിക്കോട്∙ കൊയിലാണ്ടിയിൽ കടയ്ക്കു സമീപം നിൽക്കവേ കാറ്റിൽ മരം വീണു തലയ്ക്കു പരുക്കേറ്റ ബന്ധുവായ തങ്കത്തിനെയും കൊണ്ടാണ് വെള്ളിയാഴ്ച മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയത്. തലയിൽ നിന്നു രക്തം വാർന്നൊഴുകുന്ന അവസ്ഥയിലായിരുന്നു. ഡോക്ടർ പരിശോധിച്ചു കൊണ്ടിരിക്കേയാണ് രാത്രി 7.40ന് പൊട്ടിത്തെറി ഉണ്ടായത്. പിന്നീട് ശക്തമായ പുകയും ഉയർന്നു.
ഉടനെ രോഗിയെ പുറത്തെത്തിച്ചു. അവിടെ നിന്ന് ആംബുലൻസിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവ സമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ബൈജു കൊയിലാണ്ടി പറഞ്ഞു.