കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വമ്പൻ ജയത്തിന്റെ ആവേശത്തിനിടയിലും സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അഭിഷേകിന് ഐപിഎല്‍ അച്ചടക്ക സമിതി വൻ തുക പിഴ ചുമത്തി.
മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി നൽകേണ്ടത്. കൂടാതെ അഭിഷേകിന്റെ അക്കൗണ്ടിൽ ഒരു ഡിമെറിറ്റ് പോയിന്റും രേഖപ്പെടുത്തി.
മത്സരത്തിനിടെ പ്രകോപനപരമായതോ അശ്ലീലമായതോ ആയ ഭാഷ ഉപയോഗിച്ചതിനാണ് നടപടി. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമുള്ള ലെവൽ-1 കുറ്റമാണ് അഭിഷേക് ചെയ്തതെന്ന് മാച്ച് റഫറി കണ്ടെത്തി.
സ്റ്റേഡിയത്തിലെ കാണികൾക്കോ ടെലിവിഷൻ പ്രേക്ഷകർക്കോ കേൾക്കാവുന്ന രീതിയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് ഈ നിയമപ്രകാരം കുറ്റകരമാണ്. തന്റെ പുറത്താകലിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് താരം നടത്തിയ ചില പരാമർശങ്ങളാണ് പിഴയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അഭിഷേക് കുറ്റം സമ്മതിച്ചതായും മാച്ച് റഫറിയുടെ ശിക്ഷാ നടപടി അംഗീകരിച്ചതായും ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 21 പന്തില്‍ 48 റണ്‍സടിച്ച അഭിഷേകിനെ ബ്ലെസിംഗ് മുസറബാബിനയുടെ പന്തില്‍ ബൗണ്ടറിയില്‍ വരുൺ ചക്രവർത്തി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
വരുണ്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ഔട്ട് വിധിച്ചു. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചതാണ് അഭിഷേകിനെതിരായ അച്ചടക്ക നടപടിക്ക് കാരണമായത്.
അച്ചടക്ക നടപടി നേരിട്ടെങ്കിലും ബാറ്റിംഗിൽ തകർപ്പൻ പ്രകടനമാണ് അഭിഷേക് പുറത്തെടുത്തത്. ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയതിനുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് 21 പന്തിൽ നിന്ന് 48 റൺസ് അടിച്ചുകൂട്ടി.
നാല് ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 226 റൺസെടുത്തപ്പോള്‍ അഭിഷേക്-ട്രാവിസ് ഹെഡ് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 5.4 ഓവറില്‍ 82 റണ്‍സെടുത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടിരുന്നു.
ഏപ്രിൽ 5-ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

