
തൃശൂര്‍: സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ധിക്കരിച്ച വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറോട് ബുധനാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്കാന് കോടതി ഉത്തരവ്. തൃശൂര്‍ മൂന്നാം അഡീഷണല്‍ മുന്‍സിഫ് കെ കെ അപര്‍ണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ലയില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വൃന്ദവാദ്യം ഇനത്തില്‍ മത്സരിച്ച ചാലക്കുടി കാര്‍മല്‍ സ്കൂള്‍ വിദ്യാര്‍ഥികളായ അതുല്‍ മാര്‍ട്ടിനും സംഘവും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. റവന്യു ജില്ലയെ പ്രതിനിധീകരിച്ച് കോടതി ഉത്തരവ് വഴി സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിച്ചുവെങ്കിലും ഫലം പ്രഖ്യാപിക്കാതെ തടഞ്ഞു വെക്കുകയായിരുന്നു.
ഫലം പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതോടെ കോടതി ഹരജി അനുവദിക്കുകയും ഫലം പ്രഖ്യാപിക്കാൻ ഉത്തരവിടുകയും ചെയ്തു. ഫെബ്രുവരി അഞ്ചിന് ഫലം പ്രഖ്യാപിക്കാന്‍ കോടതി ഉത്തരവിട്ടത് നടപ്പിലാക്കാതെ വന്നപ്പോള്‍ വീണ്ടും ഹരജി ഫയല്‍ ചെയ്തു. മാര്‍ച്ച് 30ന് കോടതി കേസ് പരിഗണിക്കാനിരിക്കെ ഫലം പ്രസിദ്ധീകരിച്ചത് ദു:ഖവെള്ളി അവധി ദിനത്തിൽ അർദ്ധരാത്രിയിൽ വെബ്സൈറ്റില്‍ ആയിരുന്നു. ഫലപ്രഖ്യാപനത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം അപ്പീൽ നല്‍കണമെന്നാണ് കലോത്സവ ചട്ടം.
രാത്രിയില്‍ ആരെയും അറിയിക്കാതെ നടത്തിയ ഫലപ്രഖ്യാപനം മത്സരാര്‍ഥികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി ഉത്തരവ് അവഗണിച്ചുവെന്നും വിലയിരുത്തിയാണ് കോടതിയുടെ നടപടി. സമാനമായ ആറ് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതിയില്‍ സമാന ഹരജിയില്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകളോടുള്ള അനാദരവ് ബോധ്യപ്പെട്ട കോടതി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറോട് നേരിട്ട് ഹാജരാകാനും സത്യവാങ്മൂലം ബോധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. പി കെ സുരേഷ്ബാബു, അഡ്വ. ജിബി നൗറിന്, അഡ്വ. വിനയ വി എസ് എന്നിവര്‍ ഹാജരായി.
Last Updated Apr 3, 2024, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]