പെരിയ ഇരട്ടകൊലപാതക്കേസിൽ പ്രതികൾക്ക് വധശിക്ഷ തന്നെ നൽകണമായിരുന്നെന്ന് പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ. നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും എംഎൽഎ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
”ഒരു ചെറുപ്പക്കാരനെ 47 തവണ വെട്ടി നുറുക്കിക്കൊല്ലുന്നതും, മറ്റൊരു ചെറുപ്പക്കാരനെ തലയോട്ടി വെട്ടിപ്പൊളിച്ച് കൊല്ലുന്നതും അപൂർവ്വങ്ങളിൽ അപൂർവ്വം തന്നെയാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തിൽ നീതിയായിരിക്കാം, എങ്കിലും വധശിക്ഷ തന്നെ വേണമായിരുന്നു. നാളെ ഒരു CPMകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ ആ ശിക്ഷയ്ക്ക് കഴിയുമായിരുന്നു. കൊലയാളികളും ഭരണാധികാരികളും തമ്മിൽ വേർതിരിവില്ലാത്ത കേസിൽ അത്തരമൊരു മാതൃകയ്ക്കായി പോരാട്ടം തുടരും.”
പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം പങ്ക് വ്യക്തമാക്കി പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമനടക്കം കേസിൽ പ്രതികളായ നാല് സിപിഎമ്മുകാർക്ക് അഞ്ചുവർഷം വീതം തടവുശിക്ഷയും കൊച്ചിയിലെ സിബിഐ പ്രത്യേകകോടതി വിധിച്ചു. കേസിൽ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്കും, പത്താംപ്രതിക്കും, പതിനഞ്ചാം പ്രതിക്കുമാണ് ഇരട്ട ജീവപര്യന്തം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒന്നാം പ്രതി സി.പി.എം മുൻലോക്കൽ കമ്മിറ്റിയംഗം എ.പീതാംബരൻ, സജി.സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ , ജിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ്, ടി.രഞ്ജിത്ത്, എ.സുരേന്ദ്രൻ എന്നിവരാണ് ഇരട്ട ജീവപര്യന്തം ലഭിച്ച പ്രതികൾ. കൊലക്കുറ്റം, ഗൂഢാലോചന എന്നിവയ്ക്കാണ് ശിക്ഷ. മുൻഎംഎൽഎ കെ.വി. കുഞ്ഞിരാമൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.മണികണ്ഠൻ, മുൻലോക്കൽ സെക്രട്ടറി രാഘവൻ, മുൻലോക്കൽ കമ്മിറ്റിയംഗം കെ.വി.ഭാസ്കരൻ എന്നിവർ അഞ്ചുവർഷം വീതം തടവുശിക്ഷ അനുഭവിക്കണം.