ഫ്രൈഡെ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രധാന സ്ഥാനത്തെത്തിയയാളാണ് സാന്ദ്രാ തോമസ്. ആട്, അടി കപ്യാരേ കൂട്ടമണി, പെരുച്ചാഴി, ഫിലിപ്പ് ആന്റ് ദി മങ്കി പെൻ, നല്ല നിലാവുളള രാത്രി, മുദ്ദുഗൗ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ സാന്ദ്ര നിർമ്മിച്ചിട്ടുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ശക്തമായി വിമർശിക്കുകയും അസോസിയേഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അടുത്തിടെ സാന്ദ്ര തോമസ് പറഞ്ഞിരുന്നു.വിവിധ അഭിമുഖങ്ങളിൽ സിനിമാ മേഖലയിലെ തന്റെ അനുഭവങ്ങളും മേഖലയുടെ മികവിന് സഹായകമാകുന്ന നിർദ്ദേശങ്ങളുമെല്ലാം സാന്ദ്ര പങ്കുവയ്ക്കാറുണ്ട്.
മോഹൻലാൽ നായകനായി സാന്ദ്രാ തോമസടക്കം പങ്കാളിയായ ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കിയ ഒരു ചിത്രം വലിയ ഹിറ്റാകാത്തത് എന്തെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ സാന്ദ്ര. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര, മോഹൻലാൽ ചിത്രത്തെ കുറിച്ച് മനസുതുറന്നത്. പെരുച്ചാഴി എന്ന ചിത്രത്തെക്കുറിച്ചാണ് സാന്ദ്ര പറഞ്ഞത്. 2014 ഓണം റിലീസായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അരുൺ വൈദ്യനാഥനായിരുന്നു. തമിഴ്നാട്ടുകാരനാണ് സംവിധായകൻ. അതിനാൽ തമിഴ്ചിത്രത്തിന്റെ മാതൃകയിലാണ് സിനിമ ചെയ്തത്. അത് ജനങ്ങൾക്ക് കണക്ട് ആയില്ല. അതാണ് ചിത്രം വിചാരിച്ചത്ര വിജയിക്കാതെ പോയത്.
‘പെരുച്ചാഴി വലിയ നഷ്ടമൊന്നും ആയില്ല. മുടക്കിയ മുതൽ തിരിച്ചുകിട്ടി. വലിയ ഹിറ്റാകുമെന്ന് കരുതിയെങ്കിലും പരാജയപ്പെടാൻ കാരണങ്ങളുണ്ട്. നമ്മളെല്ലാം മോഹൻലാലിനെ ആക്ഷൻ അല്ലെങ്കിൽ സീരിയസ് റോളിലേ കണ്ടിട്ടുള്ളു. ചിത്രത്തിൽ ഫണ്ണിയായി പുള്ളി വന്നപ്പോൾ ആർക്കും കണക്ട് ആയില്ല.’ സാന്ദ്ര തോമസ് പറയുന്നു. പിന്നൊരു കാരണം ചിത്രത്തിൽ മോഹൻലാലിന്റെ പഴയ പാട്ടുകളും ഡയലോഗുകളും റീക്രിയേറ്റ് ചെയ്തതാണ്. ലൊക്കേഷനിൽ ആ സീനുകൾ പുള്ളി ചെയ്തപ്പോൾ എല്ലാവർക്കും കണക്ടായി. എന്നാൽ തീയേറ്ററുകളിൽ ആർക്കും അത് വർക്കായില്ല. സാന്ദ്ര വ്യക്തമാക്കി. സംവിധായകന് കേരളത്തിലെ പ്രേക്ഷകരെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും പ്രശ്നമായെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]