തിരുവനന്തപുരം: എൻ എസ് എസ് മതേതര ബ്രാൻഡെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തിയിൽ പങ്കെടുത്തതിന്റെ ഗുണം കോൺഗ്രസ് പാർട്ടിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ സാന്നിദ്ധ്യം ആവശ്യമുള്ള സമയങ്ങളിൽ, നമ്മളെ ക്ഷണിച്ചാൽ, നമ്മൾ പോകണ്ടേ. അതിന് പ്രത്യേകമായ ഉദ്ദേശ ലക്ഷ്യമൊന്നുമില്ല. എന്നെ എല്ലാവരും വിളിക്കാറുണ്ട്. ഞാൻ പോകാറുമുണ്ട്.’- അദ്ദേഹം പറഞ്ഞു.
എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണെന്നും ചെന്നിത്തല വ്യക്തമാക്കി. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെക്കുറിച്ച് പറയാൻ സമയമായിട്ടില്ല. എൻ എസ് എസുമായുള്ള പിണക്കം തീർത്തതിൽ ഇടനിലക്കാരില്ല. ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി നേരിട്ട് സംസാരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല എൻ എസ് എസിന്റെ പുത്രനാണെന്ന് ജി സുകുമാരൻ നായർ ഇന്നലെ പറഞ്ഞിരുന്നു. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഏറ്റവും അർഹനാണ് ചെന്നിത്തല. ക്ഷണിച്ചത് കോൺഗ്രസ് മുദ്രയിലല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള നേട്ടത്തിനുമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തണം. കളിച്ചു നടന്ന കാലം മുതൽ ഈ മണ്ണിന്റെ സന്തതിയാണ് അദ്ദേഹം. രാഷ്ട്രീയം നോക്കുന്നില്ല, അദ്ദേഹത്തിന്റെ ജന്മം കൊണ്ടാണ് ചടങ്ങിന്റെ ഉദ്ഘാടകനായതെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.