ഭോപ്പാൽ: മൊബൈൽ ഗെയിം കളി നിർത്തി ജോലിക്ക് പോകാൻ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.
മധ്യപ്രദേശിലെ രേവ സ്വദേശി നേഹ പട്ടേലാണ് (24) ഭർത്താവ് രഞ്ജീത് പട്ടേലിൻ്റെ ക്രൂരതയ്ക്ക് ഇരയായത്. തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രഞ്ജീത് പട്ടേൽ ഒളിവിൽ പോയി.
ആറ് മാസം മുൻപായിരുന്നു രഞ്ജീത്തിൻ്റെയും നേഹയുടെയും വിവാഹം. രഞ്ജീത് പബ്ജി ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
തൊഴിൽരഹിതനായിരുന്ന ഇയാൾ മണിക്കൂറുകളോളം ഗെയിം കളിച്ചിരുന്നത് ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കിന് കാരണമായിരുന്നെന്നും അന്വേഷണ സംഘം അറിയിച്ചു. കൊലപാതകത്തിന് ശേഷം നേഹയെ കൊന്നുവെന്നും മൃതദേഹം കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് രഞ്ജീത്, നേഹയുടെ സഹോദരീ ഭർത്താവിന് സന്ദേശമയച്ചു.
വിവരമറിഞ്ഞ് ബന്ധുക്കൾ ദമ്പതികളുടെ വീട്ടിലെത്തിയപ്പോൾ നേഹയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം മരണം സ്ഥിരീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡിഎസ്പി ഉദിത് മിശ്ര അറിയിച്ചു.
നേഹയുടെ കഴുത്തിൽ ഞെരിച്ച പാടുകളുണ്ടായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.
അതേസമയം, രഞ്ജീത്തും കുടുംബവും നേഹയോട് സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഒരു കാർ ആവശ്യപ്പെട്ട് അടുത്തിടെയും സമ്മർദ്ദം ചെലുത്തിയിരുന്നതായും കുടുംബം പോലീസിന് മൊഴി നൽകി.
പ്രതിയെ പിടികൂടാത്തതിൽ കുടുംബത്തിന് അതൃപ്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ നേഹയുടെ സഹോദരൻ ഷേർ ബഹാദൂർ പട്ടേൽ അതൃപ്തി രേഖപ്പെടുത്തി. “മെയ് 25-നാണ് എൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞത്.
വിവാഹം മുതൽ അയാൾ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. അയാൾക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല.
ജോലിക്ക് പോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കിടുകയും ഒടുവിൽ അവളെ കൊല്ലുകയുമായിരുന്നു. കൊലയ്ക്ക് ശേഷം ഞങ്ങളുടെ ബന്ധുവിന് സന്ദേശമയക്കുകയും ചെയ്തു” – സഹോദരൻ പറഞ്ഞു.
രഞ്ജീത്തിനെ കൂടാതെ, അയാളുടെ മാതാപിതാക്കളെയും സഹോദരനെയും സഹോദരഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന് ഷേർ ബഹാദൂർ ആവശ്യപ്പെട്ടു. അവരെല്ലാം ചേർന്ന് സഹോദരിയെ പീഡിപ്പിച്ചിരുന്നു.
അവൾക്ക് നീതി ലഭിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും ഒളിവിലുള്ള പ്രതിക്കായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

