തമിഴ് സിനിമാ ലോകത്ത് ചരിത്രതീർത്ത എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. ചിത്രം വരുന്ന ഡിസംബർ 11ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റീ റിലീസ് ചെയ്യുമെന്ന് പ്രശസ്ത നിർമാതാവ് കെ.ടി.
കുഞ്ഞുമോൻ ഔദ്യോഗികമായി അറിയിച്ചു. ഇതിന്റെ ഭാഗമായി റീ റിലീസ് തീയതി വ്യക്തമാക്കുന്ന പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
തമിഴ് സിനിമാ ചരിത്രത്തിൽ നവഭാവുകത്വം സമ്മാനിച്ച സംവിധായകൻ എസ്. ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് 1993-ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’.
‘ആക്ഷൻ കിംഗ്’ അർജുൻ നായകനായി എത്തിയ ഈ ചിത്രം അക്കാലത്ത് ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് നേടിയത്. മികച്ച സംഘട്ടന രംഗങ്ങളും ഹൃദ്യമായ പ്രണയവും ശക്തമായ സാമൂഹിക സന്ദേശവും ഒരേപോലെ ഇഴചേർത്ത ഈ ചിത്രം ഇന്നും സി ആസ്വാദകരുടെ ഇഷ്ട
പട്ടികയിൽ മുൻനിരയിലുണ്ട്. ചിത്രത്തിന്റെ പുതിയ പതിപ്പ് എത്തുമ്പോൾ പഴയകാല സിനിമാപ്രേമികൾക്കും ഇന്നത്തെ യുവതലമുറയ്ക്കും അതൊരു പുതിയ ദൃശ്യാനുഭവമായിരിക്കും.
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ ഒരുക്കിയ എക്കാലത്തെയും മികച്ച ഗാനങ്ങളും ശങ്കറിന്റെ തനതായ സംവിധാന മികവും അർജുന്റെ മികച്ച പ്രകടനവും വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിയേറ്റർ സ്ക്രീനിൽ അനുഭവവേദ്യമാവുകയാണ്.
ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ഈ ചിത്രത്തിൽ മധുബാല, വിനീത്, എം.എൻ.നമ്പ്യാർ, രാജൻ.
പി. ദേവ്, ചരൺ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയ പ്രമുഖ താരനിരയും അണിനിരന്നിരുന്നു.
ഇതിൽ പ്രഭു ദേവയും ഗൗതമിയും നൃത്തച്ചുവടുകൾ വെച്ച ‘ചിക്കു പുക്ക് റെയിലെ’ എന്ന ഗാനരംഗം തലമുറകൾ കടന്നും ഇന്നും ഏറെ ജനപ്രിയമായി തുടരുന്നു. പ്രശസ്ത എഴുത്തുകാരൻ ബാല കുമാരൻ സംഭാഷണങ്ങൾ രചിച്ച ചിത്രത്തിന് വരികൾ കുറിച്ചത് വാലി, വൈരമുത്തു എന്നിവരാണ്.
കലാസംവിധാനം നിർവഹിച്ചത് തോട്ടാ ധരണിയാണ്. വി.ടി.
വിജയൻ, ബി. ലെനിൻ എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K അൾട്രാ എച്ച്ഡി ദൃശ്യാനുഭവത്തിലും 7.1 സറൗണ്ട് സൗണ്ട് ശബ്ദമികവിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
തൊണ്ണൂറുകളിലെ തമിഴ് സിനിമയുടെ സുവർണ്ണകാലം ഓർമ്മിപ്പിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ നിയാസ് നൗഷാദാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

