തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ കൽപിത സർവകലാശാല പദവിയോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയിൽ (ഐഐഎസ്ടി) പിൻവാതിൽ നിയമനവും ബന്ധുനിയമനവും നടന്നതായി ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചരണം. സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ ബന്ധുവിനെ അനധികൃതമായി നിയമിച്ചു എന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് വാർത്താ കാർഡ് സെപ്റ്റംബർ 25ന് പുറത്തിറക്കിയതായാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണം.
പ്രചരിക്കുന്ന വ്യാജ കാർഡിന്റെ സ്ക്രീൻഷോട്ട്
എന്നാൽ ഐഐഎസ്ടിയിൽ പിൻവാതിൽ നിയമനമോ ബന്ധു നിയമനമോ നടന്നതായി ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു വാർത്താ കാർഡ് സെപ്റ്റംബർ 25നോ മറ്റേതെങ്കിലും തീയ്യതിയിലോ പുറത്തിറക്കിയിട്ടില്ല. പ്രചരിക്കുന്ന കാർഡിൽ പറയുന്നത് പോലെ അനധികൃത നിയമനം ഐഐഎസ്ടിയിൽ നടന്നിട്ടില്ലെന്നും ഇത് വ്യാജ വാർത്തയാണെന്നും തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെയും (വിഎസ്എസ്സി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജിയുടെയും (ഐഐഎസ്ടി) ഡയറക്ടറായ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.
“ഐഐഎസ്ടിയിൽ അനധികൃത നിയമനം എന്ന തരത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരും ലോഗോയും ഉപയോഗിച്ച് ഒരു ഏതോ കേന്ദ്രങ്ങളിൽ നിന്ന് തയ്യാറാക്കിയ ഒരു വ്യാജ കാർഡ് ഐഐഎസ്ടി ജീവനക്കാരുടേത് ഉൾപ്പെടെയുള്ള പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തീർത്തും വാസ്തവവിരുദ്ധമായ കാര്യമാണ് അതിൽ പറയുന്നത്. ഇന്ത്യയിലെത്തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐഎസ്ടിയെ മനഃപൂർവം താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പ്രചരണമാണിത്. ഈ ആരോപണം പൂർണമായി നിഷേധിക്കുന്നു”.
വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വിഎസ്എസ്സി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് പോലെ വിശ്വാസ്യതയുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ പേരിൽ ഇത്തരം വ്യാജപ്രചരണം നടത്തുന്നത് മാധ്യമ സ്ഥാപനത്തിനും അപമാനകരമാണ്. ഇക്കാര്യത്തിൽ ഔദ്യോഗികമായി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകും. ഐഐഎസ്ടിയിൽ പഠിച്ച ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ ഐഎസ്ആർഒയുടെ പല അഭിമാന പദ്ധതികളുടെയും ഭാഗമാണ്. അവരെക്കൂടി അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സ്ഥാപനത്തിനെതിരെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്‍ഡിലുള്ള ഫോണ്ടും ശൈലിയും ഏഷ്യാനെറ്റ് ന്യൂസ് ഉപയോഗിക്കുന്നതല്ല. ഏഷ്യാനെറ്റ് ന്യൂസിന്റെ മറ്റൊരു വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയാണ് വ്യാജ പ്രചാരണം വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നത്. വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]