തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം. തട്ടിപ്പിൽ ബാസിതിനും പങ്കുണ്ടെന്ന സംശയമാണ് പൊലീസിനുള്ളത്. ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബാസിതിന്റ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. ഹരിദാസിനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നായിരുന്നു ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന് വീണ്ടും ഹരിദാസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ ഇതുവരെ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിയമനത്തിന് കോഴ നൽകിയ കേസിൽ ഇടനിലക്കാരൻ അഖിൽ സജീവ് കോഴിക്കോട് കുന്ദമംഗലത്തും തട്ടിപ്പ് നടത്തിയതായുള്ള വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. തട്ടിപ്പിന് കൂട്ട് നിന്നത് നിയമന കോഴക്കേസിലെ കൂട്ടാളിയായ അഡ്വ. ലെനിൻ രാജാണെന്ന് പരാതിക്കാർ ആരോപിച്ചത്. പത്തിലേറെ പേർക്കാണ് ഒരു ലക്ഷം രൂപ വരെ നഷ്ടമായതെന്നാണ് വിവരം.
ഇൻസൈഡ് ഇന്റീരിയർ എന്ന, കുറഞ്ഞ ചെലവിൽ കിച്ചൺ ഇന്റീരിയർ ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് അഖിൽ സജീവും പങ്കാളികളും പണം പറ്റിയത്. വീടുപണി നടക്കുന്നയാളുകളിൽ നിന്ന് 10000 രൂപ മുതൽ ഒരു ലക്ഷം വരെ വാങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ പ്രമുഖ സിനിമാതാരമെത്തുമെന്ന് കാണിച്ചാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചത്. പറഞ്ഞ പണം കിട്ടാതെ നടി പിന്മാറി. പണം വാങ്ങിച്ചവർക്ക് പണി ചെയ്ത് കൊടുക്കാത്തതിന്റെ പേരിൽ തുടക്കം മുതലേ മുറുമുറുപ്പുണ്ടായതോടെ സ്ഥാപനത്തിന്റെ നടത്തിപ്പ് പാളി. 15 ദിവസത്തിനുള്ളിൽ സ്ഥാപനം പൂട്ടി. അന്ന് മുങ്ങിയ അഖിൽ സജീവിനും കൂട്ടാളികൾക്കുമെതിരെ പണം നൽകിയ പത്തിലേറെ പേരാണ് കുന്ദമംഗലം പൊലീസിൽ പരാതി നൽകിയത്.
സ്ഥാപനം തുടങ്ങാനായി വാടകക്കെടുത്ത കെട്ടിടത്തിന് അഡ്വാൻസും വാടകയും നൽകാതെ മുങ്ങിയതിൽ കെട്ടിടമുടമയും അഖിൽ സജീവിനെതിരെ പരാതി നൽകിയിരുന്നു. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നും പരാതിക്കാരുടെ കയ്യിൽ പണം നൽകിയതിന് തെളിവില്ലെന്നും കാണിച്ച് കുന്ദമംഗലം പൊലീസ് പരാതിയിൽ കേസെടുത്തിട്ടില്ല. ഒത്തുതീർപ്പിനായി അഡ്വ. ലെനിൻ രാജ് ഇടപെടുകയും ചിലർക്ക് പണം തിരിച്ചുനൽകുകയും ചെയ്തു. കൊടുത്ത പണത്തിന് തെളിവില്ലാത്തത് കൊണ്ട് പരാതി കൊടുക്കാനാവാതെ പലരും നാലു മാസത്തിന് ശേഷവും ഇപ്പോഴും ആനപ്പാറയിലെ ഇൻസൈഡ് ഇന്റീരിയർ ഓഫീസിലെത്തുന്നുണ്ടെന്നാണ് സമീപത്തുള്ളവർ പറയുന്നത്.
അതേസമയം നിയമനക്കോഴ ആരോപണക്കേസിൽ പൊലീസിന്റെ മൊഴിയെടുപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരൻ ഹരിദാസ്. മൊഴിയെടുപ്പിൽ ഹരിദാസൻ തെളിവുകൾ കൈമാറിയെന്നും ഫോൺ രേഖകൾ കൈമാറിയെന്നും പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Oct 1, 2023, 10:24 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]