ജറുസലം ∙
ഉൾപ്രദേശങ്ങളിലേക്കു നീങ്ങിയ ഇസ്രയേൽ സൈന്യം വാഹനബോംബ് സ്ഫോടനം നടത്തി വീടുകൾ തകർക്കാൻ തുടങ്ങി. പലസ്തീൻകാർ തിങ്ങിപ്പാർക്കുന്ന ഓൾഡ് റസ്വാൻ മേഖലയിൽ പഴയ കവചിതവാഹനങ്ങളിൽ സ്ഫോടനവസ്തുക്കൾ നിറച്ചശേഷം വിദൂരനിയന്ത്രിത സ്ഫോടനങ്ങൾ നടത്തുകയായിരുന്നു.
ജനങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് വിമാനത്തിൽ നിന്നു ലഘുലേഖകളും വിതറി. 24 മണിക്കൂറിനിടെ 98 പലസ്തീൻകാർ കൊല്ലപ്പെട്ടു. പട്ടിണിമൂലം 3 കുട്ടികളടക്കം 9 പേർ മരിച്ചു.
ഇതോടെ പട്ടിണിമരണം 127 കുട്ടികളടക്കം 348 ആയി ഉയർന്നു.
ഗാസ സിറ്റി മേഖലയിൽ ഹമാസുമായി നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഒട്ടേറെ ഹമാസ് താവളങ്ങൾ തകർത്തെന്നും അവകാശപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ നടത്തുന്നതു വംശഹത്യയാണെന്ന പ്രമേയവുമായി ഇന്റർനാഷനൽ അസോസിയേഷൻ ജെനൊസൈഡ് സ്കോളേഴ്സ് രംഗത്തെത്തി. വംശഹത്യാപഠനത്തിൽ വിദഗ്ധരായ 500 പണ്ഡിതരുടെ സംഘടനയാണിത്.
ചെങ്കടലിൽ സൗദി അറേബ്യയുടെ യെൻബു തുറമുഖത്തിനു സമീപം ഇസ്രയേൽ ഉടമസ്ഥതയിലുള്ള കെമിക്കൽ ടാങ്കർ ‘സ്കാർലറ്റ് റേ’യ്ക്കുനേരെ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ പറഞ്ഞു. കപ്പലിനു കേടുപാടില്ലെന്നാണ് റിപ്പോർട്ട്.
പ്രതികൂല കാലാവസ്ഥ: ഗ്രേറ്റയുടെ ഗാസ യാത്ര മാറ്റി
ബാർസിലോന ∙ സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ് ട്യുൻബെർഗിന്റെ നേതൃത്വത്തിലുള്ള ഗാസയിലേക്കുള്ള കടൽയാത്ര പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ചു.
ഇസ്രയേൽ ഉപരോധം ലംഘിച്ചു ഗാസയിലേക്കു സഹായമെത്തിക്കാൻ ബാർസിലോന തുറമുഖത്തുനിന്നു പുറപ്പെട്ട ‘ഗ്ലോബൽ ഫ്ളോറ്റില്ല’ ദൗത്യത്തിൽ 22 ബോട്ടുകളിലായി 44 രാജ്യങ്ങളിൽനിന്നുള്ള ആക്ടിവിസ്റ്റുകളാണ് ഉണ്ടായിരുന്നത്.
എന്നാൽ, കഴിഞ്ഞരാത്രി സ്പെയിനിൽ ചുഴലിക്കാറ്റ് ശക്തമായതോടെ സുരക്ഷ കണക്കിലെടുത്തു ബോട്ടുകൾ മടങ്ങി. കഴിഞ്ഞ ജൂണിൽ സമാന ദൗത്യവുമായി ഗ്രേറ്റയുടെ നേതൃത്വത്തിൽ പുറപ്പെട്ട
കപ്പൽ പിടിച്ചെടുത്ത ഇസ്രയേൽ നാവികസേന ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തു സ്വരാജ്യങ്ങളിലേക്ക് മടക്കി അയച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]