
മോതിഹാരി: കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂണ്‍ പൊലീസ് പിടിയിലായി. ബിഹാറിലെ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള റക്സോൾ ഗ്രാമത്തിൽവെച്ചാണ് വെള്ളിയാഴ്ച ഇവര്‍ പിടിയിലായത്.
സര്‍ക്കാര്‍ തലയ്ക്ക് 15,000 രൂപ പ്രഖ്യാപിച്ചിരുന്ന കൊടുംകുറ്റവാളിയാണ് സൈദാ ഖാതൂണ്‍. 2024 മുതൽ പൊലീസിനെ വെട്ടിച്ച് കഴിയുന്ന ഖാതൂൺ, ലഹരിക്കടത്ത് സംഘത്തിന് നേതൃത്വം നൽകിയിരുന്നതായാണ് പൊലീസ് പറയുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ലഹരി വസ്തുക്കളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്തിന് നിര്‍ണായകമായ അറസ്റ്റാണ് നടന്നിരിക്കുന്നത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഖാതൂണ്‍. ഭര്‍ത്താവ് നയീം മിയാനുമായി ചേര്‍ന്നാണ് ഇവര്‍ കള്ളക്കടത്ത് നടത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ റക്സോളില്‍ നിന്നും ഡല്‍ഹിയിലേക്കാണ് ഇവര്‍ കടത്തിയിരുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഖാതൂണിനെതിരെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
കുറച്ചധികം നാളുകളായി പൊലീസിനെ വട്ടംകറക്കുകയായിരുന്നു ഖാതൂൺ. എസ്പി സ്വരണ്‍ പ്രഭാതിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പൊലീസ് നടത്തിവരുന്ന പ്രത്യേക ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഖാതൂണിന്റെ അറസ്റ്റ്.
ക്യാമ്പയിനിന്റെ ഭാഗമായി 200-ല്‍ അധികം കള്ളക്കടത്തുകാരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഖാതൂണിന്റെ അറസ്റ്റോടെ അതിര്‍ത്തി മേഖലയിലെ ലഹരിക്കടത്തിനെ കാര്യമായി ചെറുക്കാനാകുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]