
ഒരു ചലച്ചിത്ര നടനെ സംബന്ധിച്ച് തുടര്‍ച്ചയായി വിജയ ചിത്രങ്ങളുടെ ഭാഗമാവുക എന്നത് കരിയറിലെ വളര്‍ച്ചയില്‍ ഏറെ പ്രധാനമാണ്. ഒരു ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടാല്‍ നിര്മ്മാതാവിനാവും ഏറ്റവും ബുദ്ധിമുട്ടെങ്കിലും അത് നായക നടനെയും ബാധിക്കും. തുടര്‍ച്ചയായി പരാജയങ്ങള്‍ ഉണ്ടാവുന്നപക്ഷം അയാളെ മുന്‍നിര്‍ത്തി പുതിയ ചിത്രങ്ങള്‍ക്ക് പണമിറക്കാന്‍ നിര്‍മ്മാതാക്കളും മടിക്കും. ഇനി തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ഉണ്ടാവുകയാണെങ്കിലോ അത് അതിലെ നായകന്റെ മൂല്യം വലിയ തോതില്‍ ഉയര്‍ത്തുകയും ചെയ്യും. തമിഴ് സിനിമയിലേക്ക് നോക്കിയാല്‍ സമീപ വര്‍ഷങ്ങളില്‍ താരമൂല്യം ഏറ്റവും വര്‍ധിപ്പിച്ചിരിക്കുന്ന ഒരാള്‍ ധനുഷ് ആണ്.
സ്വന്തം രചനയിലും സംവിധാനത്തിലും എത്തിയ, ഒപ്പം നായകനായി അഭിനയിക്കുകയും ചെയ്ത രായനാണ് ധനുഷിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ച ആക്ഷന്‍ ക്രൈം ചിത്രത്തിന്റെ റിലീസ് ജൂലൈ 26 ന് ആയിരുന്നു. ആദ്യദിനം തന്നെ മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷനിലും കുതിച്ചു. ധനുഷിന്റെ 50-ാം ചിത്രം കൂടിയായിരുന്ന ചിത്രം വെറും 6 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ എത്തി.
ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ധനുഷ് ചിത്രമാണ് രായന്. അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രവുമാണ് രായന്. രണ്ട് വര്‍ഷത്തിനുള്ളിലാണ് മൂന്ന് 100 കോടി ചിത്രങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. 2022 ഓഗസ്റ്റില്‍ പുറത്തെത്തിയ തിരുച്ചിത്രംബലം, 2023 ല്‍ പുറത്തെത്തിയ വാത്തി എന്നിവയാണ് രായന് മുന്‍പ് ധനുഷിന്റേതായി 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രങ്ങള്‍. സമീപകാലത്ത് അമ്പേ പരാജയപ്പെട്ട ചിത്രങ്ങളില്‍ അദ്ദേഹം ഭാഗഭാക്കായിട്ടുമില്ല. ഇതെല്ലാം ധനുഷിനെ മുന്‍നിര്‍ത്തി പുതിയ പ്രോജക്റ്റുകള്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സംവിധാനം ചെയ്ത ചിത്രം തന്നെ 100 കോടിക്ക് മുകളില്‍ നേടിയത് ധനുഷിന് വ്യക്തിപരമായും നല്കുന്ന ആത്മവിശ്വാസം ചെറുതല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]