
തീ അണയ്ക്കാൻ പൈറോകൂൾ; രാസവസ്തുവുമായി വിദേശകപ്പൽ തീക്കപ്പലിന് അടുത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ അറബിക്കടലിൽ തീപിടിച്ച സിംഗപ്പുർ കപ്പൽ ലെ തീ അണയ്ക്കാനുള്ള പൈറോകൂൾ ഫോമുമായി വിദേശകപ്പൽ അഡ്വാന്റിസ് വിർഗോ അപകടസ്ഥലത്തെത്തി. കപ്പൽ ഇപ്പോൾ കേരള–തമിഴ്നാട് തീരത്തുനിന്ന് 104 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. കപ്പലിനെ ഇന്ത്യൻ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണു കെട്ടിവലിക്കുന്ന ടഗ് ഓഫ്ഷോർ വാരിയർ ചെയ്യുന്നത്. കപ്പലിനെ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് അടുപ്പിക്കാനുള്ള (പോർട്ട് ഓഫ് റഫ്യൂജ്) ശ്രമങ്ങൾ സംബന്ധിച്ച ചർച്ചകളും നടക്കുന്നതായാണ് വിവരം.
കപ്പലിലെ എഞ്ചിൻ മുറിയിൽ കഴിഞ്ഞ ദിവസം 7 മീറ്റർ വരെ വെള്ളം ഉയർന്നിരുന്നു. കപ്പലിന്റെ ചില ഭാഗങ്ങളിൽ വീണ്ടും തീ പടർന്നതും പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. വെള്ളം പമ്പ് ചെയ്തു തീ അണച്ചാൽ എഞ്ചിൻ മുറിയിൽ വീണ്ടും വെള്ളം നിറയുമെന്നതിനാൽ തീ അണയ്ക്കുന്നത് കഴിഞ്ഞ ദിവസം നിർത്തി വച്ചിരുന്നു. ഇതിനിടെയാണ് തീ അണയ്ക്കാനുള്ള രാസവസ്തുവുമായി അഡ്വാന്റിസ് വിർഗോ തീക്കപ്പലിന് അടുത്തെത്തിയത്. ഇതുപയോഗിച്ച് തീ പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
സക്ഷം, വാട്ടർലില്ലി, എസ്സിഐ പന്ന എന്നീ ടഗ്ഗുകൾ രക്ഷാപ്രവർത്തനവുമായി സ്ഥലത്തുണ്ട്. തീ അണയ്ക്കാൻ സഹായിക്കുന്നതിനു പുറമേ ബൗണ്ടറി കൂളിങ്, രക്ഷാപ്രവർത്തകരുടെയും ഉപകരണങ്ങളുടെയും നീക്കം തുടങ്ങിയവ ഈ ടഗ്ഗുകളാണ് ചെയ്യുന്നത്. തീ പൂർണമായി അണയുന്നതോടെ രക്ഷാപ്രവർത്തകർക്കു കപ്പലിൽ കയറി രക്ഷാപ്രവർത്തനം കൂടുതൽ ഫലപ്രദമായി നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. തീപിടിത്തത്തിൽ കാണാതായ 4 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
കപ്പലിന്റെ ഉള്ളിൽ പ്രവേശിച്ചാൽ മാത്രമേ ഇവർക്കായുള്ള തീരച്ചിലും ഫലപ്രദമാകൂ. എഞ്ചിൻ മുറിയിലെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതു വഴി കപ്പല്‍ മുങ്ങാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇടത് പിൻഭാഗത്തായി കപ്പലിന്റെ ഡ്രാഫ്റ്റ് പരമാവധിയിൽ എത്തിയെന്നു കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇടത്തേക്ക് ചെറിയ ചരിവും ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകള്‍. കപ്പലിനെ എത്രയും വേഗം ഇഇസെഡ് ആയ 200 നോട്ടിക്കൽ മൈലിന് പുറത്തെത്തിക്കാനും സൗകര്യപ്രദമായ തുറമുഖത്തേക്കു മാറ്റാനുമാണു ശ്രമങ്ങൾ.