
ദില്ലി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചില പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ പരാമർശവുമാണ് നീക്കിയത്. അതിനിടെ, രാഹുലിന് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ദതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതായിരിക്കും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. രാഹുലിന്റെ ഒന്നര മണിക്കൂറിലേറെ നീണ്ട ഇന്നലത്തെ പ്രസംഗം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയതോടെ ശക്തമായ മറുപടിയാകും പ്രധാനമന്ത്രിയിൽ നിന്ന് ഇന്ന് ഉണ്ടാവുക. രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണു ബിജെപി ആരോപണം.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു. രാഹുലിന്റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തിൽ മാധ്യമങ്ങളിൽ അടക്കം വലിയ പ്രാധാന്യമാണ് ലഭിച്ചത്. അതിനാൽ തന്നെ പ്രധാനമന്ത്രിയുടെ ഇന്നത്തെ മറുപടി ഏറെ നിർണായകമാണ്. വൈകീട്ട് നാലിന് ആണ് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിക്കുക.
Last Updated Jul 2, 2024, 10:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]