
കുട്ടികളടക്കം കുടുങ്ങി കിടക്കുന്നതായി സ്ഥിരീകരിച്ച് പാക്കിസ്ഥാൻ; വാഗ –അട്ടാരി അതിർത്തി തുറന്നിടുമെന്ന് അറിയിപ്പ്
ഇസ്ലാമാബാദ്∙ ഇന്ത്യയിൽ കുടുങ്ങിയിട്ടുള്ള പൗരന്മാരെ തിരിച്ചെത്തിക്കാൻ വാഗ –അട്ടാരി അതിർത്തി തുറന്നിടുമെന്ന് പാക്കിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക്ക് പൗരന്മാർ തിരികെപ്പോകണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.
ഏപ്രിൽ 30നകം ഇന്ത്യ വിടണമെന്നായിരുന്നു നിർദേശം. സമയപരിധി അവസാനിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വാഗ– അട്ടാരി അതിർത്തി അടച്ചിരുന്നു.
തുടർന്ന് ഒട്ടേറെ പാക്ക് പൗരന്മാർ പാക്കിസ്ഥാനിലേക്ക് പോകാനാകാതെ അതിർത്തിയിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Latest News
ഇതിനു പിന്നാലെയാണ് കുട്ടികൾ ഉൾപ്പെടെ എഴുപതോളം പൗരന്മാർ വാഗ അട്ടാരി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചത്. തങ്ങളുടെ പൗരന്മാരെ അതിർത്തി കടക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുകയാണെങ്കിൽ അവരെ സ്വീകരിക്കാൻ തയാറാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
പാക്ക് പൗരന്മാരുടെ വീസ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം മാനുഷിക വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയിലെ അമൃത്സറും പാക്കിസ്ഥാനിലെ ലഹോറും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വാഗ– അട്ടാരി അതിർത്തി.
അതിനിടെ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി.
‘ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവു പ്രകാരം ഈ ചാനലിലെ ഉള്ളടക്കങ്ങൾ നിലവിൽ ലഭ്യമല്ല’ എന്ന സന്ദേശമാണ് ചാനലിൽ കാണുന്നത്.
നേരത്തെ ഡോൺ ന്യൂസ് ഉൾപ്പെടെയുള്ള 16 പാക്കിസ്ഥാനി യൂട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളാരംഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]