
തിരുവനന്തപുരം: വക്കം ഷാഹിന വധക്കേസിൽ പ്രതി നസിമുദ്ദീന് 23 വർഷം കഠിന തടവും, ജീവപര്യന്തം തടവും, പിഴയും ശിക്ഷ വിധിച്ച് കോടതി. വർക്കല വെട്ടൂർ സ്വദേശി നസിമുദീനെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. വക്കം സ്വദേശി ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും, ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. 2016 ഒക്ടോബർ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യ സഹോദരിയെ ആക്രമിക്കാൻ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിനു ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തം തടവും, 4.5 ലക്ഷം രൂപ പിഴയും, കൊലപാതക ശ്രമത്തിന് 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും, ദേഹോപദ്രവം ഏൽപ്പിച്ചതിനു 3 വർഷം തടവും 10000/ രൂപ പിഴയുമാണ് കോടതി വിധിച്ചത്. 23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ഉത്തരവിട്ടു. പ്രതിക്കെതിരെ പ്രോസീക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും നിസംശയം തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]