
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ വികസന കുതിപ്പിൽ നിർണായക പങ്ക് വഹിക്കാൻ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പെന്ന് കോൺഗ്രസ് നേതാക്കളുടെ വിമർശനം. ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച രീതിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞവുമെന്ന അവകാശവാദമുന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.
പ്രതിപക്ഷ നേതാവിനെ മനപൂർവ്വം ഒഴിവാക്കിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാരിന്റെത് വില കുറഞ്ഞ നടപടിയാണെന്നും പദ്ധതിയെക്കുറിച്ച് ആദ്യം ആലോചിച്ചത് കെ കരുണാകരൻ ആണെന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെയും ഉമ്മൻചാണ്ടിയെയും ഇടതു സർക്കാർ വിസ്മരിച്ചു. പദ്ധതിയുടെ ഏറ്റവും വലിയ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക്. ചരിത്രം എൽഡിഎഫ് വളച്ചൊടിച്ചു. പദ്ധതി സ്വന്തം കുഞ്ഞാക്കി മാറ്റി. പദ്ധതി മുടക്കാൻ ആവുന്നത് ശ്രമിച്ചവരാണ് സിപിഎം. റെയിൽ കണക്റ്റിവിറ്റി ഉൾപ്പടെ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്നായിരുന്നു എം എം ഹസൻ്റെ പ്രതികരണം. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ട രീതിയിൽ അല്ല ക്ഷണിച്ചത്. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ്. അതിനെ ഭ്രൂണാവസ്ഥയിൽ ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. രാഷ്ട്രീയ മുതലെടുപ്പാണ് ഇന്നത്തെ പരിപാടി. ഇപ്പോൾ നടക്കുന്നത് സിപിഎം -ബിജെപി സംയുക്ത പരിപാടി മാത്രം. ഉമ്മൻ ചാണ്ടി തുടങ്ങിവച്ച പദ്ധതിയാണ് 9 വർഷത്തിന് ശേഷം ഉദ്ഘാടനം ചെയ്യുന്നതെന്നും ഹസൻ കുറ്റപ്പെടുത്തി.
വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിൽ സംസാരിക്കാൻ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രമെന്ന് ചൂണ്ടിക്കാട്ടിയ കെ മുരളീധരൻ, പ്രധാനമന്ത്രിക്ക് താൻ ഇല്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷമായേനെയെന്നും പിണറായിക്ക് താൻ ഇല്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വരേണ്ടി വന്നേനെ എന്നും പ്രസംഗിക്കാമെന്നും പരിഹസിച്ചു. എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു. പി വി അൻവർ അടുത്ത തെരഞ്ഞെടുപ്പിൽ മുമ്പ് യുഡിഎഫിൽ ഉണ്ടാവുമെന്നും അത് ഏത് രീതിയിൽ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നടത്താൻ സിപിഎമ്മും ബിജെപിയും ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]