
തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കേരളത്തിൽ ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ഓപ്പറേഷന് ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കല്‍ ഷോപ്പുകള്‍ വഴി ശേഖരിച്ചവയുമല്ല. ഓണ്‍ലൈനായാണ് വാങ്ങിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചതും നേരിട്ട് അഭ്യര്‍ത്ഥിച്ചതും.
ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നു. ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അംഗീകൃത ഫാര്‍മസികള്‍ക്ക് മാത്രമേ വില്‍ക്കാനും അധികാരമുള്ളൂ. ഇവയുടെ ദുരുപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജിമ്മുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ ശക്തമാക്കുന്നതാണ്. യുവജനങ്ങളില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ ദൂഷ്യഫലങ്ങളെപ്പറ്റി ബോധവത്ക്കരണം നല്‍കാനായി അവബോധ ക്ലാസുകള്‍ നടത്താനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]