
ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ച് നൽകിയ ഭർത്താവ് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. നേരത്തെ വലിയ വാർത്തയായ സംഭവമായിരുന്നു വിവാഹം. ഭാര്യ രാധികയെയാണ് ഭർത്താവ് ബബ്ലു കാമുകനായ വികാസിന് വിവാഹം കഴിപ്പിച്ച് നൽകിയത്. ഭാര്യ രാധികക്ക് വികാസുമായി ബന്ധമുണ്ടെന്ന് ബബ്ലു കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ വിവാഹം കഴിപ്പിച്ച് നൽകിയത്. എന്നാൽ സംഭവത്തിന് ശേഷം ഇയാൾ ഭാര്യയെ തിരികെ കൊണ്ടുവന്നു.
ഭാര്യയുമായും കാമുകനുമായി പ്രശ്നമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജീവനിൽ കൊതിയുണ്ടെന്നും പറഞ്ഞാണ് ഇയാൾ വിവാഹത്തിന് മുൻകൈയെടുത്തത്. ഭാര്യമാർ ഭർത്താക്കന്മാരെ കൊലപ്പെടുത്തുന്ന സമീപകാല സംഭവങ്ങൾ കാരണം താൻ ഭയപ്പെട്ടുവെന്നാണ് ബബ്ലു പറഞ്ഞത്. മാർച്ച് 25ന് ഗ്രാമത്തിലെ ക്ഷേത്രത്തിൽവെച്ച് നാട്ടുകാരെ സാക്ഷിയാക്കി വികാസ് രാധികയെ മിന്നുകെട്ടി.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബബ്ലു വികാസിന്റെ വീട്ടിലെത്തി രാധികയെ വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു പറഞ്ഞതായി റിപ്പോർട്ടുണ്ട്. തുടർന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാൻ അനുവദിച്ചു.
”അവളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതാണ്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് അവളുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയത്. അവളെ എന്നോടൊപ്പം തിരികെ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു. അവളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും. അവളോടൊപ്പം സമാധാനപരമായി ജീവിക്കും” – ബബ്ലു പറഞ്ഞു.
”വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചു പോയി. അവളുടെ ഭർത്താവ് അവളെ കൂട്ടിക്കൊണ്ടുപോകാൻ വന്നു. കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ കഴിയില്ലെന്നും തന്റെ തെറ്റ് തനിക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കണ്ടപ്പോൾ ഞങ്ങൾക്ക് വേണ്ടെന്ന് പറയാൻ കഴിഞ്ഞില്ല.”- വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. ജില്ലയിലെ അജ്ഞാതമായ ഒരു സ്ഥലത്താണ് രാധിക ബബ്ലുവിനൊപ്പം താമസിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]