
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാൻ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂ എന്നും വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ ഉപകരണമാണ് ഇ ഡി. കൊടകര കുഴൽപ്പണക്കേസ് കള്ളപ്പണക്കടത്തിന്റെ ഒരംശം മാത്രമാണ്.
ബിജെപി ഓഫീസിൽ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും അന്വേഷണം നടത്തേണ്ടത് ഇ ഡിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹർജി തള്ളിയതിനാൽ നിയമപോരാട്ടത്തിൽ ഇനി പ്രസക്തിയില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]