
മുംബൈ: ലോകകപ്പില്‍ ഏഴാം ജയം തേടി മറ്റന്നാള്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ മുംബൈയില്‍ ഇറങ്ങുമ്പോള്‍ പരിക്കുമൂലം പുറത്തായ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്ന ഹാര്‍ദ്ദിക് കഴിഞ്ഞ ദിവസം മുംബൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ ആരാകും പുറത്തുപോകുക എന്നതാണ് വലയി ചോദ്യം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫിനിഷറായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത സാഹചര്യത്തില്‍ ഹാര്‍ദ്ദിക് തിരിച്ചെത്തിയാലും സൂര്യ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്.
ഹാര്‍ദ്ദിക്കിന് പകരം ടീമിലെത്തിയ സൂര്യ തുടര്‍ന്നാല്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരമെത്തിയ മുഹമ്മദ് ഷമി വീണ്ടും പുറത്തിരിക്കേണ്ടിവരുമോ എന്നാണ് ആരാധകരുടെ ആശങ്ക. എന്നാല്‍ കളിച്ച രണ്ടു കളികളില്‍ നിന്നായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഷമിയെ പുറത്തിരുത്തുക ടീം മാനേജ്മെന്റിന് ചിന്തിക്കാന്‍ പോലുമാകില്ല. അതുകൊണ്ടുതന്നെ ഹാര്‍ദ്ദിക് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയാല്‍ പുറത്താകുക നാലാം നമ്പറില്‍ നിറം മങ്ങിയ ശ്രേയസ് അയ്യരായിരിക്കുമെന്നതാണ് സൂചന. ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കെതിരെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ശ്രേയസിന് ഈ ലോകകപ്പില്‍ ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ല. പാകിസ്ഥാനെതിരെ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ശ്രേയസ് പുറത്തായാല്‍ പകരം കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഹാര്‍ദ്ദിക് അഞ്ചാം നമ്പറിലും സൂര്യകുമാര്‍ ആറാമതും ബാറ്റ് ചെയ്യും. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര എന്നിവർ പ്ലേയിംഗ് ഇലവനില്‍ തുടരുകയും ചെയ്യും. ഹാര്‍ദ്ദിക്കിനെ തിരക്കിട്ട് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടെന്നാണ് തീരുമാനമെങ്കില്‍ ശ്രീലങ്കക്കെതിരെ നാലാം നമ്പറില്‍ ശ്രേയസിന് പകരം ഇഷാന് കിഷന് അവസരം നല്കുന്ന കാര്യവും ടീം മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്.ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ച സ്ഥിതിക്ക് ഹാര്‍ദ്ദിക്കിന് മതിയായ വിശ്രമം നല്‍കിയശേഷം സെമി ഫൈനലില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന വാദവും ഉയരുന്നുണ്ട്.
Last Updated Oct 31, 2023, 7:17 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]