
ലഖ്നൗ- ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയില്‍ റോഡ് ഗതാഗതം നിയന്ത്രിക്കാന്‍ പോയ പോലീസുകാരനെ രോഷാകുലരായ ജനക്കൂട്ടം ക്രൂരമായി ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. യു.പി പോലീസിലെ സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ രാം അവതാറിന് നേരെയാണ് ഏതാനും പേര് അതിക്രമത്തിന് മുതിര്‍ന്നത്. ഇതിന്റെ വീഡിയോ വൈറലായി.
സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബസിടിച്ച് പതിമൂന്നുകാരന് മരിച്ച സംഭവത്തില്‍ ആളുകള്‍ പ്രതിഷേധിച്ച മഹോബയിലെ പന്‍വാരി ഏരിയയിലാണ് സംഭവം. സംഭവത്തിന് ശേഷം ബസ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം റോഡരികില്‍ കിടത്തി പ്രതിഷേധിച്ചു. റോഡ് ഉപരോധം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ എസ്ഐ രാം അവതാര്‍ സംഘത്തോടൊപ്പം സ്ഥലത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടം വടികൊണ്ട് ആക്രമിക്കുകയായിരുന്നു. പോലീസ് സംഘത്തിലെ മൂന്ന് പേര് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതോടെ എസ്.ഐ ജനക്കൂട്ടത്തിനിടയില്‍ തനിച്ചായി.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും (എസ്.ഡി.എം) പ്രദേശത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (ഡി.എസ്.പി) സ്ഥലത്തെത്തി ജനക്കൂട്ടത്തെ ശാന്തരാക്കി. രാം അവതാറിനെ ചികിത്സക്കായി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
