കട്ടപ്പന ∙ ഇടുക്കി കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടത്തില് പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികളാണ് ഇന്നലെ മരിച്ചത്.
തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം.
മാൻഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി.
ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ടു പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട
ശ്രമത്തിനൊടുവിൽ മൂന്നു പേരയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്ന്ന് മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.
സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ജില്ല കലക്ടറോട് റിപ്പോർട്ട് തേടി.
ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മരിച്ച ജയരാമൻ കരാർ എടുത്തിരുന്നു. ജയരാമനും അഞ്ചു തൊഴിലാളികളും ചേർന്ന് മാലിന്യം നീക്കം ചെയ്യുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.
മൈക്കിളാണ് മാലിന്യ ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത്. ഇയാൾ ടാങ്കിനുള്ളിൽ കുടുങ്ങിയെന്ന് മനസിലാക്കിയതോടെ രക്ഷിക്കാൻ ഇറങ്ങിയതാണ് സുന്ദര പാണ്ഡ്യൻ.
രണ്ടുപേരും ബോധംകെട്ടു വീണതോടെ ജയരാമനും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു.
ഓക്സിജന്റെ അളവ് തീരെ കുറവുള്ള ടാങ്കിൽ മൂന്നുപേരും പെട്ടുപോവുകയായിരുന്നു. ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്മോര്ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നോ എന്ന് പരിശോധിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
…
FacebookTwitterWhatsAppTelegram

