
കൊൽക്കത്ത: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഒരു ബംഗ്ലാദേശ് യുവതിയെ കൊൽക്കത്ത പൊലീസിന്റെ ആന്റി-റൗഡി സ്ക്വാഡ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ബാരിസൽ സ്വദേശിനിയായ ശാന്ത പാൽ (28) ആണ് അറസ്റ്റിലായത്.
ജാദവ്പൂർ മേഖലയിലെ വാടക അപ്പാർട്ട്മെന്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും ഒരു വോട്ടർ ഐഡിയും ഒരു റേഷൻ കാർഡും കണ്ടെടുത്തു.
ഒരു പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടെ ഒരു ബംഗ്ലാദേശ് പൗരയെ അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
അന്വേഷണം നടന്നുവരികയാണെന്ന് കൊൽക്കത്ത പൊലീസ് ജോയിന്റ് കമ്മീഷണർ (ക്രൈം) രൂപേഷ് കുമാർ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇവർ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിൽ ഇവരുടെ പേരിലുള്ള നിരവധി ബംഗ്ലാദേശ് പാസ്പോർട്ടുകൾ, റീജന്റ് എയർവേയ്സിന്റെ (ബംഗ്ലാദേശ്) ജീവനക്കാരുടെ കാർഡ്, ധാക്കയിലെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ അഡ്മിറ്റ് കാർഡ്, വ്യത്യസ്ത വിലാസങ്ങളിൽ രജിസ്റ്റർ ചെയ്ത രണ്ട് ആധാർ കാർഡുകൾ, ഒരു ഇന്ത്യൻ വോട്ടർ/എപ്പിക് കാർഡ്, റേഷൻ കാർഡ് എന്നിവ കണ്ടെത്തി.
ഇവയെല്ലാം വ്യത്യസ്ത വിലാസങ്ങളിലുള്ളതാണ്. 2024 അവസാനത്തോടെ ഒരു പുരുഷനൊപ്പമാണ് യുവതി വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച ഒരു നഗര കോടതിയിൽ ഹാജരാക്കിയ യുവതിയെ ഓഗസ്റ്റ് എട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിൽ, ശാന്താ പാൽ പൊലീസിന് തൃപ്തികരമായ മറുപടി നൽകിയില്ല.
തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ താമസിക്കുന്നതിന് സാധുവായ വിസ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല.
ആധാർ, വോട്ടർ, റേഷൻ കാർഡുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്ത രണ്ട് ആധാർ കാർഡുകളിൽ ഒന്നിന് കൊൽക്കത്ത വിലാസവും മറ്റൊന്നിന് ബർദ്വാൻ വിലാസവുമാണ് ഉള്ളത്.
ആധാർ കാർഡ് എങ്ങനെയാണ് ഇവർക്ക് ലഭിച്ചതെന്ന് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് ഇപ്പോൾ യുഐഡിഎഐയുമായി ബന്ധപ്പെടുന്നുണ്ട്. വോട്ടർ കാർഡും റേഷൻ കാർഡും എങ്ങനെയാണ് ലഭിച്ചതെന്ന് അന്വേഷിക്കാൻ ഡിറ്റക്ടീവുകൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷനുമായും പശ്ചിമ ബംഗാൾ ഭക്ഷ്യ വകുപ്പുമായും ബന്ധപ്പെടുന്നുണ്ട്.
പ്രതി ബംഗ്ലാദേശിൽ അഭിനേത്രിയായി ജോലി ചെയ്തിരുന്നതായി സൂചനയുണ്ട്. ബംഗ്ലാദേശിലെ നിരവധി ടിവി ചാനലുകളിലും ഷോകളിലും അവതാരകയായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ നിരവധി സൗന്ദര്യമത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]