
ദില്ലി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അമിത് ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരാഴ്ച മുൻപ് എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.
മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതൽ കേന്ദ്രം നൽകി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായും അറിയിച്ചു. ജോർജ് കുര്യൻ പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. പ്രതിരോധ സേനയുടെ മെഡിക്കൽ സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ സൈന്യത്തിൻ്റെ കൂടുതൽ സംഘങ്ങളെ അയക്കുമെന്നും നിത്യാനന്ദ റായ് കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ വയനാട്ടിലെ ജനതക്കൊപ്പം നില്‍ക്കുമെന്നും സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് നിലവിലുള്ളത് എറ്റവും ആധുനികമായ മുന്നറിയിപ്പ് സംവിധാനമാണ്. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകാനാകും. മോദി പ്രധാനമന്ത്രിയായ ശേഷം ദുരന്തനിവാരണ മേഖലയിൽ വലിയ ശ്രദ്ധ നൽകുന്നുണ്ട്. കേരളത്തിന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജുലൈ 18 നും 23 നും 25 നും മുന്നറിയിപ്പ് നൽകി. ദുരന്തത്തിന് മുൻപ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് എൻഡിആർഎഫിന്റെ 9 സംഘങ്ങളെ അയച്ചത്. ഗുജറാത്തിൽ നൽകിയ സൈക്ലോൺ മുന്നറിയിപ്പിനെ അവർ ഗൗരവത്തോടെ കണ്ടു. അവിടെ ജീവഹാനി ഉണ്ടായില്ല. ഏഴ് ദിനം മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തുവെന്നും അമിത് ഷാ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]