
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ സീരിയൽ ക്യാമറാമാന് ഷിജു മരണപ്പെട്ടിരുന്നു. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു.
ഷിജുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ സീരിയല്‍ താരം സീമാ ജി നായര്‍ എത്തിയിരിക്കുകയാണ്. ‘നിരവധി സീരിയലുകളില്‍ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തില്‍ പെട്ടിരുന്നു… ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തി… ആദരാഞ്ജലികളില്‍ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി’ -എന്നാണ് സീമയുടെ കുറിപ്പ് പറയുന്നത്.
ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഇയാളുടെ വീട്ടുകാർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജൂലൈ 30 പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ, ചുരൽമല, അട്ടമല തുടങ്ങി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനോടകം മരണ സംഖ്യ 200 കടന്നിട്ടുണ്ട്. ഇനിയും ഒട്ടനവധി പേർ മണ്ണിനടയിൽ അകപ്പെട്ട് കിടക്കുകയാണ്. ഇവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരികയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി സൈന്യം എത്തിച്ചേർന്നിട്ടുണ്ട്. സൈന്യത്തിന്റെ 3 കെടാവർ ഡോഗുകളും ഒപ്പമെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]