
കൊച്ചിയിൽ വൻ ലഹരിവേട്ട, ‘കെറ്റാമെലൻ കാർട്ടലി’നെ പൂട്ടി എൻസിബി; ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്നെറ്റ് സിൻഡിക്കേറ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ഡാർക്നെറ്റിന്റെ മറവിൽ ലഹരിമരുന്ന് – ക്രിപ്റ്റോകറൻസി ഇടപാട് നടത്തിയിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാഫിയ സിൻഡിക്കറ്റിനെ പൂട്ടി . എൻസിബിയുടെ കൊച്ചി സോണൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ മെലനി’ലാണ് വൻ ലഹരിമരുന്ന് സംഘം വലയിലായത്. ഡാർക്നെറ്റ് വഴി ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന സംഘത്തിൽനിന്ന് വൻതോതിൽ ലഹരിമരുന്നും ക്രിപ്റ്റോകറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻസിബി അധികൃതർ അറിയിച്ചു.
1,127 എൽസ്ഡി സ്റ്റാംപുകൾ, 131.66 കിലോഗ്രാം കെറ്റാമിൻ, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിൻ ക്രിപ്റ്റോകറൻസി അടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും എൻസിബി പിടിച്ചെടുത്തു. സംഘാംഗമായ മൂവാറ്റുപുഴ സ്വദേശിയെയും ഇയാളുടെ സഹായിയെയും പിടികൂടിയതായാണ് സൂചന. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിച്ചുവന്നിരുന്ന ‘കെറ്റാമെലൻ’ എന്ന ലഹരിമരുന്ന് കാർട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാൽ, പട്ന, ഡൽഹി എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എൽഎസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.
കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്മെന്റുകളാണ് ഡാർക്നെറ്റ് വഴി ‘കെറ്റാമെലൻ’ സംഘം വിൽപന നടത്തിയതെന്നും എൻസിബി കണ്ടെത്തി. ജൂൺ 28ന് കൊച്ചിയിൽ എത്തിയ മൂന്നു തപാൽ പാഴ്സലുകളിൽ നിന്നാണ് സംശയം ഉയർന്നത്. ഇതിൽ 280 എൽഎസ്ഡി സ്റ്റാംപുകൾ ഉണ്ടെന്നു അന്വേഷണത്തിൽ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകൾ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 131.66 ഗ്രാം കെറ്റാമിനും 847 എൽഎസ്ഡി സ്റ്റാംപുകൾ പിടിച്ചെടുത്തിട്ടുണ്ട്.
ഡാർക്നെറ്റ് സൈറ്റുകള് ഉപയോഗിക്കാൻ സഹായിക്കുന്ന ‘കൈറ്റ്സ് ഓപ്പറേറ്റിങ് സിസ്റ്റം’ അടങ്ങിയ പെൻഡ്രൈവും ഒന്നിലധികം ക്രിപ്റ്റോകറൻസി വാലറ്റുകൾ, ലഹരിമരുന്ന് ഇടപാടിന്റെ രേഖകളുള്ള ഹാർഡ് ഡിസ്കുകൾ എന്നിവയും എൻസിബി പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ‘ലെവൽ 4’ ഡാർക്നെറ്റ് ഇടപാടുകാരാണ് പിടിയിലായതെന്നും എൻസിബി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എൽഎസ്ഡി വിൽപനക്കാരായ കുപ്രസിദ്ധനായ ഡോ.സ്യൂസിന്റെ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വെണ്ടർ ഗുംഗ ദിനി’ൽ നിന്നാണ് ‘കെറ്റാമെലൻ’ കാർട്ടൽ പ്രധാനമായും ലഹരിമരുന്ന് ശേഖരിച്ചിരുന്നതെന്നും എൻസിബി കണ്ടെത്തി. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ടെന്നും അധികൃതർ അറിയിച്ചു.
2023ലാണ് എൻസിബി അന്നത്തെ ഏറ്റവും വലിയ ഡാർക്നെറ്റ് അധിഷ്ഠിത എൽഎസ്ഡി കാർട്ടലായ ‘സാംബഡ’യെ പിടികൂടിയത്. അന്ന് 29,013 എൽഎസ്ഡി ബ്ലോട്ടുകൾ, 472 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുക്കുകയും 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന മിനു മുനീറിന്റെ ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@narcoticsbureauൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.