
‘ആ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല; ആരോഗ്യമേഖലയെക്കുറിച്ച് തെറ്റായ ചിത്രം അവതരിപ്പിക്കാൻ ശ്രമം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ആരോഗ്യ മേഖലയെക്കുറിച്ച് തെറ്റായ ചിത്രം അവതരിപ്പിക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി . മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടു എന്നാണ് പൊതുവായ അഭിപ്രായം. നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണമെന്നില്ല. ബോധപൂർവം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയും തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘‘കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. തിരുവനന്തപുരം ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. എല്ലാ കാര്യവും പൂർണമായിരിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘നമ്മുടെ മെഡിക്കൽ കോളജുകളിൽ അതിസങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. ആ ശസ്ത്രക്രിയകൾക്കാവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ചിലപ്പോൾ ചിലത് ഇല്ലാത്ത സ്ഥിതി ഉണ്ടാവാം. അത് എല്ലാ കാലത്തും ഉള്ള നിലയല്ല. വളരെ വേഗം തന്നെ അത്തരം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ട്. അദ്ദേഹം ഉന്നയിച്ച പ്രശ്നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതൃപ്തി ഉണ്ടായാൽ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുംവിധം പുറത്തുവിട്ടാൽ, അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും.’’ – മുഖ്യമന്ത്രി പറഞ്ഞു.
‘‘കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകളുണ്ട്. അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിലനിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്. നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ കഴിയണം എന്നതാണ് ഉദ്യോഗസ്ഥർ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ല. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല.’’ – മുഖ്യമന്ത്രി പറഞ്ഞു.