കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സംസ്ഥാന മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ രംഗത്ത്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മന്ത്രിയുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികൾക്ക് മുന്നിൽ ചെന്ന് ഓച്ഛാനിച്ചു നിൽക്കുന്നത് നിഷ്കളങ്കമായി കാണാൻ കഴിയില്ലെന്ന് സി.കെ.
ശാക്കിർ വ്യക്തമാക്കി. “യു.ഡി.എഫ് നേതാക്കളെ പുലഭ്യം പറഞ്ഞ വർഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ച നടപടി ജനാധിപത്യ ബോധമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോഴത്തെ ഭരണകൂടം ആർക്കും സൗജന്യമായി ലഭിച്ചതല്ലെന്ന് മന്ത്രി ഓർക്കണമെന്നും, നിരവധി ആളുകളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും പോരാട്ടത്തിന്റെയും ഫലമായാണ് യുഡിഎഫ് അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ, വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നുണ്ടായ വിവാദങ്ങളിൽ നിന്ന് ലോക ക്ഷീരദിന ആശംസകൾ നേർന്നുകൊണ്ട് തലയൂരാമെന്ന് മന്ത്രി കരുതേണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രമുഖ സമുദായ നേതാക്കളുമായി മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് സാധാരണ നടപടിയാണ്. എന്നാൽ, മുന്നണി നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രി നേരിട്ടെത്തി സന്ദർശിച്ചത് ഭരണപക്ഷത്തെ യുവജന സംഘടനകൾക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

