
‘സിഎസ്ആർ ഫണ്ട് കിട്ടുമോ എന്നൊന്നും നോക്കാതെയാണോ പരിപാടിയിൽ പങ്കെടുത്തത്?’; ആനന്ദകുമാറിനോട് കോടതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പാതിവില തട്ടിപ്പു കേസിൽ നാഷനൽ എൻജിഒ കോൺഫെഡറേഷൻ ചെയർമാൻ കെ.എൻ.ആനന്ദകുമാറിനോട് ചോദ്യങ്ങളുമായി . സിഎസ്ആർ ഫണ്ട് ലഭിച്ചില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പദ്ധതിയുടെ ഭാഗമായി തുടർന്നതെന്ന് കോടതി ചോദിച്ചു. കേസിൽ രണ്ടാം പ്രതിയായതിനെ തുടർന്ന് അറസ്റ്റിലായ ആനന്ദ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചോദ്യങ്ങളുന്നയിച്ചത്. ജാമ്യാപേക്ഷയിൽ പിന്നീട് വിധി പറയും.
പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൽകുന്ന പദ്ധതിക്ക് സിഎസ്ആർ ഫണ്ട് കിട്ടുമെന്ന് ഒന്നാം പ്രതിയായ അനന്തു കൃഷ്ണൻ അറിയിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഫണ്ടു കിട്ടുമെന്നാണ് പറഞ്ഞതെന്നും അതിനാലാണ് പദ്ധതിക്കൊപ്പം നിന്നതെന്നും ആനന്ദ കുമാർ വ്യക്തമാക്കി. എന്നാൽ ഫണ്ട് കിട്ടില്ല എന്നറിഞ്ഞതോടെ പദ്ധതിയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്നും ആനന്ദ കുമാർ വ്യക്തമാക്കി.
എന്നാൽ ഇരുചക്ര വാഹനം പാതിവിലയ്ക്ക് നൽകാനുള്ള പദ്ധതിക്ക് ഉൾപ്പെടെ അനുമതി നൽകിക്കൊണ്ട് തിരുവനന്തപുരം വഞ്ചിയൂർ കേന്ദ്രമാക്കി ശാസ്തമംഗലം സബ് റജിസ്ട്രാർ ഓഫിസിൽ 2024 ഫെബ്രുവരി 13ന് റജിസ്റ്റർ ചെയ്ത ഉടമ്പടി രേഖ കോടതി ചൂണ്ടിക്കാട്ടി. ‘നാഷനൽ എന്‍ജിഒ കോൺഫെഡറേഷനിലെ അംഗങ്ങള്‍ക്ക് ലാപ്ടോപ്, ഇരുചക്ര വാഹനങ്ങൾ, തയ്യൽ മെഷീൻ എന്നിവ 50 ശതമാനം സബ്സിഡിയോടെ നൽകുന്നതുമായി ബന്ധപ്പെട്ട എല്ലാ ധനകാര്യ ഇടപാടുകളുടെയും ഉത്തരവാദിത്തം പ്രഫഷനൽ സർവീസസ് ഇന്നവേഷൻസിന്റെ ഏക ഉടമസ്ഥനായ അനന്തു കൃഷ്ണനായിരിക്കും’ എന്നാണ് ഇതിലുള്ളത്. ആനന്ദ കുമാറിന്റെ ഒപ്പോടുകൂടിയല്ലേ ഈ രേഖ എന്നു കോടതി ചോദിച്ചു.
പാതിവില പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി താൻ ഒരു രൂപ പോലുമെടുത്തിട്ടില്ലെന്നും ആനന്ദ കുമാർ പറഞ്ഞു. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിച്ച എല്ലാ പരിപാടികളിലും ആനന്ദ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. താൻ മാത്രമല്ല, പ്രമുഖരായ മറ്റു പലരും ഇത്തരം യോഗങ്ങളിൽ പങ്കെടുത്തിരുന്നു എന്നായിരുന്നു മറുപടി. സിഎസ്ആർ ഫണ്ട് കിട്ടുന്നതാണോ എന്നതൊക്കെ പരിശോധിക്കാതെയാണോ ഇത്തരം പരിപാടികൾക്കൊപ്പം നിന്നതെന്നു ചോദിച്ച കോടതി, ഇത്തരം കാര്യങ്ങൾ വിശ്വാസ്യതയെ ബാധിക്കുമെന്നും വ്യക്തമാക്കി.