തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ദീർഘകാല സ്വപ്നമായ എയിംസ് ഉൾപ്പെടുത്താത്തതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന പോര് മുറുകുന്നു. ഭൂമി നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന വാദങ്ങളെ തള്ളിക്കൊണ്ട് 2024-ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച കത്ത് ആരോഗ്യമന്ത്രി വീണ ജോർജ് പുറത്തുവിട്ടു.
ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട് എന്ന കാര്യം ധനമന്ത്രി നിർമ്മല സീതാരാമൻ ബോധപൂർവ്വം വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഭൂമി നൽകുന്നതിൽ കേരളം വീഴ്ച വരുത്തിയെന്ന പ്രചാരണങ്ങളെ ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ശക്തമായി നേരിട്ടു.
എയിംസിനായി കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ എല്ലാ രേഖകളും കേരളം സമർപ്പിച്ചതാണ്.
2024-ൽ കേന്ദ്രം അയച്ച കത്തിൽ കേരളത്തിന് എയിംസ് അനുവദിക്കാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അടുത്ത പ്രഖ്യാപനത്തിൽ ഇത് ഉൾപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞിട്ടും കേരളത്തിന്റെ എയിംസ് മാത്രം പ്രഖ്യാപിക്കപ്പെട്ടില്ലെന്ന് മന്ത്രി പരിഹസിച്ചു.
ബജറ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേരളത്തിന്റെ വികസന മുന്നേറ്റത്തെ ബോധപൂർവ്വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എയിംസ്, ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ പാക്കേജ് എന്നിവ പൂർണ്ണമായും അവഗണിക്കപ്പെട്ടു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുകൾ വെട്ടിക്കുറച്ചതും ഗ്രാന്റുകൾ നിഷേധിക്കുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ ബാധിക്കും.
2.2 ലക്ഷം കോടി രൂപയായിരുന്ന ഗ്രാൻ്റ് 1.4 ലക്ഷം കോടിയായി കുറഞ്ഞു. കേരളത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ മേഖലയ്ക്ക് ഖനനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം അപകടകരമാണ്.
തൊഴിലുറപ്പ് വിഹിതം കുറച്ചതും സബ്സിഡികളിലെ വെട്ടിക്കുറവും സാധാരണക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അമേരിക്കൻ താരീഫ് യുദ്ധങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ ബജറ്റിൽ നിർദ്ദേശമില്ലെന്നും, ഈ അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

