ബിജാപൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ബിജാപൂരിലെ ഗംഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ടെന്ന സംശയത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെ 8.30 ഓടെയാണ് മാവോയിസ്റ്റുകളും സുരക്ഷാ സേനയും ഏറ്റുമുട്ടിയത്. മാവോയിസ്റ്രുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേന വനത്തിലെത്തിയത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), സിആർപിഎഫിന്റെ എലെെറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓപ്പറേഷന്റെ ഭാഗമായത്.
ഇക്കഴിഞ്ഞ ജനുവരി 21ന് ഛത്തീസ്ഗഢ്- ഒഡീഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി വിലയിട്ടിരുന്ന നേതാവടക്കം 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. സെൻട്രൽ കമ്മിറ്റിയിലെ മുതിർന്ന അംഗം ചലപതി അടക്കമുള്ളവരെയാണ് വധിച്ചത്. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഢിലെ കോബ്ര കമാൻഡോകൾ, ഒഡീഷ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി.ആർ.പി.എഫ് എന്നിവയാണ് ഓപ്പറേഷൻ നടത്തിയത്. ജനുവരി 16ന് ബിജാപുർ ജില്ലയുടെ തെക്കൻ ഭാഗത്തുള്ള വനത്തിൽ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]