
‘നല്ല ഉഗ്രൻ പണി’; കൽപറ്റ – മാനന്തവാടി റോഡിൽ കാനയുടെ നടുവിൽ വൈദ്യുതപോസ്റ്റ്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം∙ വൈദ്യുതപോസ്റ്റ് മാറ്റാതെ കാന നിർമാണം; പണി കഴിഞ്ഞപ്പോൾ കാനയുടെ നടുവിൽ പോസ്റ്റ്. മലയോര ഹൈവേയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന കൽപറ്റ – മാനന്തവാടി റോഡിൽ പച്ചിലക്കാട് മുതൽ കരിമ്പുമ്മൽ വാടോച്ചാൽ അപകടവളവ് വരെയുള്ള ഭാഗത്താണ് വൈദ്യുതപോസ്റ്റ് മാറ്റാതെ കാന നിർമിച്ചത്. പണി പൂർത്തീകരിച്ചപ്പോൾ മിക്ക വൈദ്യുതത്തൂണുകളും കാനയുടെ മധ്യഭാഗത്താണ്. ചിലതിന്റെ പകുതിയോളം ഇതിലേക്ക് തള്ളി നിൽക്കുന്നുണ്ട്. ചിലതാകട്ടെ നീർച്ചാലിന് പുറത്തായി റോഡരികിലുമാണ്.
പോസ്റ്റുകൾ നടുവിലാക്കി കാന നിർമിച്ചതിനാൽ കഴിഞ്ഞദിവസം ഉണ്ടായ വേനൽമഴയിൽ വെള്ളം ഒഴുകിപ്പോകാതെ ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും ചപ്പുചവറുകൾ പോസ്റ്റിന് സമീപം അടിഞ്ഞുകൂടുകയും ചെയ്തിരുന്നു. എരനെല്ലൂർ ക്ഷേത്രപരിസരത്താണ് ഇത്തരത്തിലുള്ള നിർമാണം കൂടുതലും നടന്നതെന്നതിനാൽ മഴക്കാലത്ത് ക്ഷേത്രത്തിനു മുൻപിൽ റോഡിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടാനും ഇടയാക്കും. നല്ല വീതിയിലും ആഴത്തിലും നീർച്ചാലുകൾ ഒരുക്കി മുകളിൽ കോൺക്രീറ്റ് സ്ലാബിടുന്ന പണി പലയിടത്തും പൂർത്തീകരിച്ചെങ്കിലും ജനങ്ങളുടെ പരാതി പരിഹരിക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.
പച്ചിലക്കാട് അപകടവളവ് കഴിഞ്ഞ് എരനെല്ലൂർ മുതൽ ക്ഷീരസംഘം ഓഫിസ് വരെ കുത്തനെയുള്ള ഇറക്കമാണ്. അതിനാൽ മേച്ചേരി, എരനല്ലൂർ കുന്നുകളിൽനിന്നും മഴ പെയ്യുമ്പോൾ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്ന് വാടോച്ചാൽ ഭാഗത്തേക്ക് എത്തിക്കുവാൻ ഉതകുന്ന തരത്തിലാണ് നീർച്ചാലുകൾ നിർമിച്ചിരിക്കുന്നത്. വൈദ്യുതത്തൂണുകൾ മാറ്റാത്തിടത്തോളം കാലം വെള്ളം എങ്ങനെ ഒഴുകിപ്പോകുമെന്ന് ജനം ചോദിക്കുമ്പോഴും റോഡ് നിർമാണവുമായി ബന്ധപ്പെട്ടവരും ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറയുന്നു.