കൽപറ്റ ∙ രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ ജാഗ്രതയിൽ പിടിയിലായത് 3 മോഷ്ടാക്കൾ. കോഴിക്കോട് പെരുമണ്ണ കട്ടക്കളത്തിൽ വീട്ടിൽ കെ.മുഹമ്മദ് സിനാൻ (20), പറമ്പിൽ ബസാർ മഹൽ വീട്ടിൽ റിഫാൻ (20) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് കൽപറ്റ കൺട്രോൾ റൂം എഎസ്ഐ സി.മുജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം പുലർച്ചെയോടെ കൽപറ്റ ടൗണിൽ നിന്നു പിടികൂടിയത്.
പൊലീസിന്റെ രാത്രികാല പട്രോളിങ്ങിനിടെ, നമ്പർ പ്ലേറ്റിൽ മണ്ണ് തേച്ച് മറച്ച നിലയിൽ ചുവന്ന നിറത്തിലുള്ള കാർ ശ്രദ്ധയിൽപെട്ടു. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ പണവും ആംപ്ലിഫയറും കണ്ടെത്തി. കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് പണവും ആംപ്ലിഫയറും വടുവൻചാൽ ചെല്ലങ്കോട്ടെ കരിയാത്തൻ കാവ് ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന് ഓഫിസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആംപ്ലിഫയറും ക്ഷേത്ര പരിസരത്തെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണവും മോഷ്ടിച്ചതാണെന്ന് മൊഴി നൽകി.
കഴിഞ്ഞ 27നും 28നും ഇടയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. തുടർന്ന് ക്ഷേത്രത്തിൽ പരിശോധന നടത്തിയ മേപ്പാടി പൊലീസ് പ്രതികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയിരുന്നു. ഇതിനിടെയാണു മോഷ്ടാക്കൾ കൽപറ്റ പൊലീസിന്റെ പിടിയിലായത്. പ്രതികളെ പിന്നീട് മേപ്പാടി പൊലീസിന് കൈമാറി. സീനിയർ സിവിൽ പൊലീസ് ഓഫിസർ എൽദോ ഐസക്, സിവിൽ പൊലീസ് ഓഫിസർ പി.യു.നിധീഷ് ബാബു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

