പനമരം∙ ബീനാച്ചി – പനമരം റോഡിൽ ചെറിയ പാലത്തിന് സമീപം പാദ്രൊപിയോ പള്ളി മുതൽ പനമരം വലിയ പാലം ജംക്ഷൻ വരെയുളള ഭാഗത്ത് അഗാധ ഗർത്തങ്ങൾ നിറഞ്ഞതോടെ വീണ്ടും ഗതാഗത തടസ്സം പതിവാകുന്നു. പലപ്പോഴും മിനിറ്റുകളോളം പാലത്തിന് ഇരുവശവുമായി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. നിലവിലുള്ള ചെറിയ പാലത്തിലും റോഡിലും വലിയ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടും ചെളിയും തളം കെട്ടിക്കിടക്കുന്നതാണു പലപ്പോഴും ഗതാഗത തടസമുണ്ടാകാൻ കാരണം. കോടികൾ വകയിരുത്തി റോഡ് നവീകരണവും പഴയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്റെയും പണി നടക്കുന്നുണ്ടെങ്കിലും ഒച്ചിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണെന്ന് മാത്രം.
മഴയെ കുറ്റം പറഞ്ഞ് ചെയ്യാവുന്ന പണികൾ പോലും കരാറുകാർ വൈകിപ്പിക്കുകയാണെന്നും അധികൃതർ ഇതിന് കൂട്ടുനിൽക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിർമാണം നടക്കുന്ന റോഡായിട്ടും റോഡിലെ വലിയ കുഴികളിൽ പോലും പാറപ്പൊടി ഇട്ട് കുഴി മൂടാതെ ജനങ്ങളെയും യാത്രക്കാരെയും ദ്രോഹിക്കുന്ന നടപടിയിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
കൂടാതെ ഈ റോഡിൽ പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ കുഴികൾ താൽക്കാലികമായി അടച്ച് വെള്ളക്കെട്ട് ഒഴിവാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതിനും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധം ശക്തമാകുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ കുഴികളിൽ അൽപം പാറപ്പൊടി വിതറിയാലായി എന്നും നാട്ടുകാർ പറയുന്നു. ഇനിയും താൽക്കാലികമായെങ്കിലും കുഴികൾ അടച്ചില്ലെങ്കിൽ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

