കുഴിവയലിൽ കുടുങ്ങിയ ജീവിതങ്ങൾ
അമ്പലവയൽ ∙ പഞ്ചായത്തിലെ കുഴിവയൽ അടക്കമുള്ള ഊരിൽ വീടുകളെല്ലാം കാലപ്പഴക്കത്തിലാണ്. പല വീടുകളിലും ചോർച്ചയുമുണ്ട്.
ഇവിടങ്ങളിലും അതിദാരിദ്ര്യമുക്ത പദ്ധതിയുടെ ഭാഗമായുള്ള സഹായങ്ങൾ പലർക്കും കിട്ടിയിട്ടില്ല. കാരാപ്പുഴ പദ്ധതി പ്രദേശത്തോട് ചേർന്ന് ഷെഡുകൾ കെട്ടി താമസിക്കുന്ന ഗോത്രവിഭാഗക്കാരുണ്ട്.
പലപ്പോഴായി കൈവശ രേഖ കിട്ടിയവരുണ്ടെങ്കിലും ലഭിച്ച സ്ഥലം എവിടെയാണെന്ന കാര്യത്തിൽ പലർക്കും നിശ്ചയമില്ല. കാരാപ്പുഴ പദ്ധതി പ്രദേശത്തായതിനാൽ പല ഷെഡുകളിലും വൈദ്യുതിയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.
തദ്ദേശസ്ഥാപനങ്ങളുടെ ആനുകൂല്യങ്ങൾ കിട്ടുന്നില്ലെന്നും ഊരുനിവാസികൾ പറയുന്നു.
പട്ടിണിയിൽ മുങ്ങി ആദിവാസി കുടുംബങ്ങൾ
പുൽപള്ളി ∙ അതിദാരിദ്ര്യമുക്ത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചപ്പോഴും ദുരിതക്കയത്തിൽനിന്നു കരകയറാനാകാതെ ഒട്ടേറെ ആദിവാസി കുടുംബങ്ങൾ. തലചായ്ക്കാനൊരു കൂരയോ, വേലയോ, കൂലിയോ ഇല്ലാതെ തികച്ചും ദരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങൾക്കു കണക്കില്ല.
പുൽപള്ളി ടൗണിനോടു ചേർന്നുള്ള ചുണ്ടക്കൊല്ലി, കരിമം ഊരുകളിൽ സ്ഥലമില്ലാതെ താമസക്കാർ വീർപ്പുമുട്ടുന്നു. പാലമൂല, ചേപ്പില തുടങ്ങിയ ഊരുകളുടെ അവസ്ഥയും ദയനീയം.
തുണ്ടു ഭൂമി പോലുമില്ലാതെ ഭൂസമരത്തിൽ പങ്കെടുക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന യാതനകൾക്കു കണക്കില്ല.
13 വർഷം മുൻപ് സിപിഎം പോഷകസംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ ഇരുളം വനപ്രദേശത്ത് ഭൂമസമരത്തിലൂടെ വനഭൂമിയിൽ ഗോത്ര ജനം അവകാശം സ്ഥാപിച്ചു കുടിൽകെട്ടി. റിസർവ് വനവും വന്യജീവി സങ്കേതത്തിന്റെ ഭാഗവുമായ വനപ്രദേശമായിരുന്നിട്ടും അന്നത്തെ സർക്കാർ അവരെ കുടിയിറക്കിയില്ല.
കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പതിച്ചുകൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ ഇടത് സർക്കാർ ഇവരെ തിരിഞ്ഞുനോക്കുന്നില്ല.
പലേടത്തും താമസിച്ചിരുന്നവരെ വിളിച്ചുവരുത്തി സുന്ദര വാഗ്ദാനങ്ങൾ നൽകി വനത്തിൽ കുടിയിരുത്തിയ നേതാക്കൾ ഇപ്പോൾ അവരെ കാണാൻപോലും തയാറാകുന്നില്ലെന്നാണു പരാതി.
മരിയനാട് തോട്ടത്തിൽ 2022 മേയ് 30നാണു കുടിൽകെട്ടൽ സമരം തുടങ്ങിയത്. കേരള ആദിവാസി ഫോറവും ഏകതാ പരിഷത്തും നേതൃത്വംനൽകുന്ന ഇരുളം ഭൂസമര സമിതിയാണു സമരം തുടരുന്നത്.
197 ഏക്കറിലായി 320 കുടുംബങ്ങൾ കഴിയുന്നു. സമരക്കാർക്ക് ഭൂമി നൽകുമെന്നു പലവട്ടം ഉറപ്പു ലഭിച്ചതല്ലാതെ നടപ്പായില്ല.
മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് കൂരയുടെ കാരുണ്യത്തിൽ ജീവിതം തള്ളിനീക്കുന്നത്.
പരിസര പ്രദേശങ്ങളിലൊന്നും കൂലിപ്പണിക്കു സാധ്യതയില്ല. സൗജന്യ റേഷനടക്കമുള്ള സർക്കാരിന്റെ ഒരു സഹായവും ഇവർക്കില്ല.
കനത്ത മഴക്കാലത്ത് കാട്ടാന ഭീഷണിയും അട്ടയുടെ കടിയും സഹിച്ചാണു കുഞ്ഞുങ്ങളും സ്ത്രീകളുമെല്ലാമടങ്ങുന്ന കുടുംബങ്ങൾ കഴിയുന്നത്. കുടിക്കാൻ വെള്ളമോ, പ്രാഥമികാവശ്യത്തിനു ശുചിമുറിയോ ഇല്ല.
ഭൂരഹിത ഗോത്ര സമൂഹത്തിനു ഭൂമി വിതരണം ചെയ്യണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അതു നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു സാധിക്കുന്നില്ല. ഉന്നത വനപാലകരടക്കം വന്നു സ്ഥലപരിശോധന നടത്തുകയും ഉടനടി കൈവശരേഖ നൽകുമെന്നും ഉറപ്പുനൽകിയിരുന്നു.
ഓരോ കാരണങ്ങളാൽ നടപടി വൈകുന്നു. ഒപ്പം ഇല്ലാതാവുന്നത് ഗോത്രസമൂഹത്തിന്റെ നിലനിൽപും.
വീടുകളില്ലാതെ പേരൂർ അമ്പലക്കോളനി ഊര്
നടവയൽ ∙ പുഴയോരത്തു നിന്ന് മാറ്റിപ്പാർപ്പിക്കാതെയും നല്ല വീടുകൾ നിർമിച്ചു നൽകാതെയും പേരൂർ അമ്പലക്കോളനി ഊരു നിവാസികളോട് അധികൃതരുടെ അവഗണന.
പൂതാടി പഞ്ചായത്തിൽ പാതിരി സൗത്ത് സെക്ഷൻ വനാതിർത്തിയിൽ നരസി പുഴയോടു ചേർന്ന അമ്പലക്കോളനി ഊരിൽ 7 വീടുകളാണുള്ളതെങ്കിലും അൽപമെങ്കിലും താമസയോഗ്യമായതു 3 വീടുകൾ മാത്രമാണ്. മഴക്കാലത്ത് നരസി പുഴ കരകവിഞ്ഞ് വെള്ളം കയറുന്ന ഊരിലെ ബാക്കി വീടുകൾ എല്ലാം തന്നെ വർഷങ്ങളായി വെള്ളം കയറിയും മറ്റും തകർന്നു കിടക്കുകയാണ്.
തകർന്ന വീടുകൾക്കു സമീപം മുളയും പ്ലാസ്റ്റിക് ഷീറ്റും മറ്റും ഉപയോഗിച്ചു നിർമിച്ച കൂരയിലാണു ബാക്കിയുള്ളവർ ജീവിതം തള്ളിനീക്കുന്നത്.
മഴക്കാലത്ത് പലപ്പോഴും നിനച്ചിരിക്കാതെ വീടുകളിൽ വെള്ളം കയറുമ്പോൾ കുട്ടികളും പ്രായമായവരുമായി ജീവിതം വാരിപ്പിടിച്ചു താൽക്കാലിക ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഓടാനാണ് ഇവരുടെ വിധി. ഈ ഊരിൽ വർഷങ്ങൾക്ക് മുൻപ് നിർമാണം ആരംഭിച്ചു തറയിൽ മാത്രം ഒതുങ്ങിയ വീടും വാതിലുകളും ജനലുകളും ഇല്ലാത്ത വീടുകളും മേൽക്കൂര തകർന്ന് ചോരുന്ന വീടുകളുമാണുള്ളത്.
വന്യമൃഗശല്യമുള്ളതിനാൽ മുള ഉപയോഗിച്ച് വാതിൽ നിർമിച്ചാണു ഊരു നിവാസികൾ വീടുകൾക്കുള്ളിൽ കഴിയുന്നത്.
നിലവിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കു മുൻപ് നിർമിച്ച വീടുകളുടെ ചുമരും മേൽക്കൂരയും തകർന്നതോടെ മുള ഉപയോഗിച്ച് താങ്ങി നിർത്തി അതിനടിയിലാണ് ഊരിലെ ഒരു കുടുംബം കഴിയുന്നത്. മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുമ്പോൾ സ്ഥലത്തെത്തുന്ന അധികൃതർ ഇവിടെ പുതിയ വീട് നിർമിക്കാൻ പറ്റില്ലെന്നും ഇവിടെ നിന്നു കുടുംബങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുമെന്നു പറയുക പതിവാണെങ്കിലും ഇതുവരെ ഒരു നടപടിയും ഇല്ലെന്നു മാത്രം.
ഇത്തരത്തിൽ ദുരിതം പേറുന്ന ഊരുകൾ ഒട്ടേറെയുള്ളപ്പോൾ ഒരു പരിശോധന പോലും നടത്താതെ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതോടെ ഇനി മാറ്റിപ്പാർപ്പിക്കൽ നിർത്തിവയ്ക്കുമോ എന്ന ആശങ്കയിലാണ് ഊരു നിവാസികൾ.
മാറ്റിപ്പാർപ്പിക്കൽ കാത്ത് തോണിക്കടവ് ഗോത്രവർഗ ഊര്
കോട്ടത്തറ ∙ കോട്ടത്തറ പഞ്ചായത്ത് ആറാം വാർഡിൽ കൽപറ്റ നഗരസഭയോടു ചേർന്നുള്ള തോണിക്കടവ് ഗോത്രവർഗ ഊരിൽ 12 കുടുംബങ്ങൾക്കായി 8 വീടുകളാണുള്ളത്. ചതുപ്പ് പ്രദേശമായതിനാൽ വേനലിൽ പോലും ഉറവയുള്ളതാണ്.
2 പതിറ്റാണ്ടു മുൻപു നിർമിച്ച വീടുകളിൽ പലതും ശോച്യാവസ്ഥയിലാണ്. ഊരിലേക്കു ചെളിനിറഞ്ഞ ഒറ്റയടിപ്പാതയാണുള്ളത്.
സ്വന്തമായി കിണർ ഉണ്ടെങ്കിലും ശുദ്ധമായ വെള്ളം ലഭിക്കുന്നില്ല. കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ തലത്തിൽ വർഷങ്ങൾക്കു മുൻപു നടപടികൾ ആരംഭിച്ചെങ്കിലും ഇപ്പോഴും എങ്ങുമെത്തിയില്ലെന്ന പരാതിയുമുണ്ട്.
വീടില്ലാതെ തൊണ്ടർനാട്ട് ഇരുനൂറോളം കുടുംബങ്ങൾ
തൊണ്ടർനാട് ∙ അതിദാരിദ്ര്യമുക്ത ജില്ലയായി പ്രഖ്യാപിച്ചപ്പോഴും തൊണ്ടർനാട് പഞ്ചായത്തിൽ വീടില്ലാതെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ കഴിയുന്നു.
ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ സ്വീകരിക്കാത്തത് ഇത്തരം കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിന് തിരിച്ചടിയായി. ഗോത്ര വിഭാഗങ്ങളിൽ മാത്രം ഇരുനൂറോളം കുടുംബങ്ങൾ ഇത്തരത്തിൽ വീടിനു വേണ്ടി കാത്തു നിൽക്കുകയാണ്.
6 വർഷമായി ലൈഫ് പദ്ധതിക്കു വേണ്ടി അപേക്ഷ സ്വീകരിക്കുന്നില്ല. ഈ കാലയളവിൽ ഒട്ടേറെ പുതിയ കുടുംബങ്ങൾ രൂപം കൊണ്ടിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുമ്പോൾ റേഷൻ കാർഡ് അടക്കമുള്ള രേഖകൾ ഇല്ലാതെ ലിസ്റ്റിൽ നിന്ന് പുറംതള്ളപ്പെട്ടവരും ഏറെയാണ്.
ഇത്തരം കുടുംബങ്ങൾ ഇപ്പോൾ പ്ലാസ്റ്റിക് കൊണ്ടു മറച്ച ഷെഡുകളിലാണു കഴിയുന്നത്. ഏറെ ശോച്യാവസ്ഥയിലുള്ള ഇത്തരം ഷെഡുകളിൽ പിഞ്ചു കുഞ്ഞുങ്ങളും രോഗികളും അടക്കമുള്ളവർ ഏറെ ദുരിതം സഹിച്ചാണ് കഴിയുന്നത്.
ഇവർക്ക് വീട് ലഭ്യമാക്കുന്നതിന് ലൈഫ് പദ്ധതി പ്രകാരം അപേക്ഷ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതിക്ക് കത്ത് നൽകിയെങ്കിലും അതു നിരസിച്ചെന്ന് പഞ്ചായത്തംഗം കെ.വി. ഗണേഷ് പറയുന്നു.
പ്രഖ്യാപനം വഞ്ചന: പോരാട്ടം
മാനന്തവാടി ∙ ആദിവാസികളും തോട്ടം തൊഴിലാളികളും ദലിതരുമടക്കം ലക്ഷക്കണക്കിന് ദരിദ്ര ജനവിഭാഗങ്ങൾ ദുസ്സഹജീവിതം തള്ളിനീക്കുന്ന കേരളത്തിൽ ദാരിദ്ര്യം എന്നത് ഇന്നേവരെ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമായി നിൽക്കുകയാണെന്ന് പോരാട്ടം സംസ്ഥാന സമിതി.
തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതൽ തീക്ഷണമാകുകയും ജീവിത പ്രയാസങ്ങൾ വർധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ അവ പരിഹരിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി നടത്തുന്ന വഞ്ചനാപരമായ പ്രഖ്യാപനമാണ് അതിദാരിദ്ര്യ നിർമാർജനം. നിലവിലുള്ള എപിഎൽ–ബിപിഎൽ മാനദണ്ഡപ്രകാരമുള്ള ബിപിഎല്ലുകാരെ മുഴുവൻ ദാരിദ്ര്യ നിർമാർജനത്തിലൂടെ എപിഎൽ ആക്കുകയാണു വേണ്ടത്.
അതിന് കേന്ദ്രനയങ്ങൾക്ക് എതിരായ സമരവും വേണ്ടിവരും. ദരിദ്രരെ വീണ്ടും വീണ്ടും തരം തിരിച്ചു വിഭജിച്ച് ദാരിദ്ര്യ നിർമാർജനം എന്ന പൊതുലക്ഷ്യത്തെ അട്ടിമറിക്കുന്നതു പ്രതിഷേധാർഹമാണെന്ന് സംസ്ഥാന കൺവീനർ ഷാന്റോ ലാൽ പറഞ്ഞു.
സമരപരിപാടി നടത്തും: എസ്ടി മോർച്ച
മാനന്തവാടി ∙ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണ് കേരളം എന്ന കള്ള പ്രചാരണമാണ് പിണറായി സർക്കാരും സിപിഎമ്മും നടത്തുന്നതെന്ന് എസ്ടി മോർച്ച.
കൃഷിമേഖല പൂർണമായും തകർന്നതിനാൽ ആദിവാസി വിഭാഗം തൊഴിൽരഹിതരായി വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. എസ്ടി മോർച്ച വിപുലമായ സർവേ നടത്തി സർക്കാരിന്റെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവരും.
പ്രസിഡന്റ് കേളു അത്തിക്കൊല്ലി അധ്യക്ഷത വഹിച്ചു.
നിജസ്ഥിതി മറയ്ക്കാനുള്ള തന്ത്രം: എസ്ഡിപിഐ
കൽപറ്റ ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വയനാട് അതിദാരിദ്ര്യ മുക്തം പദ്ധതി ജില്ലയുടെ നിജസ്ഥിതി മറച്ചുവയ്ക്കാനുള്ള പ്രചാരണ തന്ത്രം മാത്രമാണെന്നും ഭരണകൂടം നാടിന്റെ പിന്നാക്കാവസ്ഥ ആഘോഷമാക്കുകയാണെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കുകയും അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാചക കസർത്ത് മാത്രമാണെന്നും ഇത്തരം ഭരണകൂട
കാപട്യങ്ങൾക്കെതിരെ ജനകീയ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും അറിയിച്ചു. ജില്ലാ പ്രസിഡന്റ് എ.യൂസുഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.ജെ.തോമസ്, എൻ.ഹംസ, സെക്രട്ടറി ബബിത ശ്രീനു, ജനറൽ സെക്രട്ടറി പി.ടി.സിദ്ദീഖ്, ഓർഗനൈസിങ് സെക്രട്ടറി കെ.മഹ്റൂഫ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

