പുൽപള്ളി ∙ മഴയെ തുടർന്ന് മാസങ്ങളോളം അടഞ്ഞുകിടന്ന കുറുവദ്വീപ് കഴിഞ്ഞയാഴ്ച തുറന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതു കാരണം സഞ്ചാരികൾ വലയുന്നു. 220 രൂപ നൽകി ടിക്കറ്റെടുത്ത് പുഴയോരത്തേക്കു നടക്കുന്ന സഞ്ചാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ ചെളിയിൽ പുതയും.
റോഡ് ഒഴിവാക്കി പാടവരമ്പത്തുകൂടിയാണ് പലരും കടവിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴപെയ്തതും ദുരിതം വർധിപ്പിച്ചു.
കുറുവയിലേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും അവർക്ക് മെച്ചപ്പെട്ട
സൗകര്യമൊരുക്കാനും വിഭാവനം ചെയ്ത നഗരവനം പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നെങ്കിലും പരിസ്ഥിതി സംഘടനകൾ സ്റ്റേ മേടിച്ചതോടെ മുടങ്ങി. നടപ്പാതകൾ, കുറുവയിലേക്കുള്ള വഴി നവീകരണം, ഡോർമിറ്ററി, ഏറുമാടങ്ങൾ, ശലഭപാർക്ക്, കുട്ടികളുടെ കളിസ്ഥലം, പാക്കം സ്രാമ്പി നവീകരണം, അവിടെനിന്നു കുറുവയിലേക്കു കാനനസവാരി എന്നിവയും നഗരവനം പദ്ധതിയിലുണ്ടായിരുന്നു.
പരിസ്ഥിതി സംഘടനകൾ പരാതിയുമായി കോടതിയിലെത്തിയതോടെ പദ്ധതിയും അവതാളത്തിലായി.
പരിസ്ഥിതിസൗഹൃദ സഞ്ചാരകേന്ദ്രമായ കുറുവയിൽ അതിനനുസരിച്ചുള്ള പദ്ധതികളാണ് വിഭാവനം ചെയ്തെങ്കിലും അതുംവേണ്ടെന്ന നിലപാടിലാണ് ചില പരിസ്ഥിതി സംഘടനകളെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ദൂരെസ്ഥലങ്ങളിൽനിന്നു യാത്ര ചെയ്തെത്തുന്നവർക്കു വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മതിയായ സൗകര്യങ്ങളോ ദ്വീപിലോ പുറത്തോ ഇല്ല.
ടിക്കറ്റ്നിരക്ക് കുത്തനെ കൂട്ടുകയും ആളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തതു വിദ്യാർഥികൾക്കു ബുദ്ധിമുട്ടായി.
ജില്ലയ്ക്കു പുറമേനിന്നുള്ള സ്കൂൾ സംഘങ്ങളുടെ പഠന–വിനോദയാത്ര പട്ടികയിൽനിന്നു കുറുവദ്വീപിനെ ഒഴിവാക്കുന്നു. സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ച് നിരക്ക് കുറയ്ക്കാനുള്ള നടപടി വേണമെന്നു നാട്ടുകാർ പറയുന്നു.2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതു വരെ പ്രതിദിനം ആയിരത്തോളം പേർ ഇവിടെയെത്തിയിരുന്നു.
ഇതുവഴി പ്രദേശവാസികളുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെട്ടു.
പിന്നീട്, സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്.
എല്ലാ വർഷവും കാലവർഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താൽകാലികമായി നിർത്തിവയ്ക്കാറുണ്ട്. ഈ വർഷം ജൂൺ പകുതിയോടെ അടച്ചിട്ട
കുറുവ ദ്വീപിലേക്ക് കഴിഞ്ഞ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതിർന്നവ൪ക്ക് 220 രൂപയും വിദ്യാർഥികൾക്ക് 100 രൂപയും വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
കയാക്കിങ് പുനരാരംഭിക്കും
കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
ചങ്ങാടസവാരിക്ക് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനരാരംഭിക്കും.
ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങൾ കടത്തിവിടില്ല. സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]